Art of Living’s Yamuna event:ngt report

ന്യൂഡല്‍ഹി: ശ്രീ ശ്രീ രവിശങ്കറിന്റെ ആര്‍ട്ട് ഓഫ് ലിവിംഗ് യമുനാ തീരത്ത് നടത്തിയ സമ്മേളനം വന്‍ പരിസ്ഥിതി നാശമുണ്ടാക്കിയതായി റിപ്പോര്‍ട്ട്.

13.29 കോടിയുടെ പരിസ്ഥിതി നാശമാണ് സമ്മേളനമുണ്ടാക്കിയെന്ന് ദേശീയ ഹരിത ട്രിബ്യൂണല്‍ നിയോഗിച്ച വിദഗ്ധ സമിതിയാണ് കണ്ടെത്തിയത്. 10 വര്‍ഷം കൊണ്ടുമാത്രമേ യമുനാതീരം പഴയപടിയാകുകയുള്ളൂവെന്നും സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

കേന്ദ്ര ജലവകുപ്പ് സെക്രട്ടറി ശശി ഷേഖര്‍ അധ്യക്ഷനായ വിദഗ്ധ സമിതിയാണ് 47 പേജുള്ള റിപ്പോര്‍ട്ട് ദേശീയ ഹരിത ട്രിബ്യൂണലിന് സമര്‍പ്പിച്ചത്. 2016 മാര്‍ച്ച് 11 മുതല്‍ 13 വരെയാണ് ആര്‍ട്ട് ഓഫ് ലിവിംഗ് ഡല്‍ഹി യമുനാതീരത്ത് 300 എക്കര്‍ സ്ഥലത്ത് സമ്മേളനം നടത്തിയത്. സമ്മേളനത്തിന്റെ ഭാഗമായുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മരങ്ങള്‍, ചെറു ചെടികള്‍, ജല സസ്യങ്ങള്‍, ജല ജീവികള്‍ തുടങ്ങി യമുന തടത്തിലെ ജൈവ വൈവിധ്യം പൂര്‍ണമായും നശിപ്പിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് പഠിച്ച ശേഷം തുടര്‍ നടപടി ആലോചിക്കുമെന്ന് ആര്‍ട്ട് ഓഫ് ലിവിംഗ് അധികൃതര്‍ വ്യക്തമാക്കി.

യമുനാ തീരം പൂര്‍വസ്ഥിതിയിലാക്കാന്‍ കേസില്‍ നേരത്തെ പ്രാഥമിക നഷ്ടപരിഹാര തുക എന്ന നിലക്ക് ദേശീയ ഹരിത ട്രിബ്യൂണല്‍ അഞ്ചു കോടി നഷ്ടപരിഹാരം വിധിച്ചിരുന്നു. ആര്‍ട്ട് ഓഫ് ലിവിംഗ് 100 കോടി വരെ നഷ്ടപരിഹാരം നല്‍കണമെന്നാണ് നേരത്തെ ട്രിബ്യൂണല്‍ നിയോഗിച്ച വിദഗ്ധ സമിതി പറഞ്ഞിരുന്നത്.

ഇതിനെതിരെ ആര്‍ട്ട് ഓഫ് ലിവിംഗ് രംഗത്തെത്തിയതോടെയാണ് പുതിയ സമിതിയെ ട്രിബ്യൂണല്‍ നിയോഗിച്ചത്.

Top