കലാസംവിധായകന്‍ മിലന്‍ അന്തരിച്ചു; ‘വിടാമുയര്‍ച്ചി’യുടെ ചിത്രീകരണത്തിനിടെയാണ് അന്ത്യം

അസര്‍ബൈജാന്‍: കലാസംവിധായകന്‍ മിലന്‍ (54) ഹൃദയാഘാതത്തേ തുടര്‍ന്ന് അന്തരിച്ചു. അജിത്തിനെ നായകനാക്കി മകിഴ് തിരുമേനി സംവിധാനം ചെയ്യുന്ന വിടാമുയര്‍ച്ചി എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനായി അസര്‍ബൈജാനില്‍ എത്തിയതായിരുന്നു അദ്ദേഹം. രാവിലെ ശാരീരിക  അസ്വാസ്ഥ്യമുണ്ടായതിനേത്തുടര്‍ന്ന്  മിലനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

രാത്രി പതിവ് ചിത്രീകരണജോലികള്‍ക്ക് ശേഷം തിരികെ ഹോട്ടല്‍മുറിയില്‍ എത്തിയതായിരുന്ന അദ്ദേഹം. ഞായറാഴ്ച രാവിലെ ജോലിക്ക് പോകുന്നതിന് മുന്‍മ്പ് ടീം അംഗങ്ങളെ വിളിച്ചുചേര്‍ത്തു. ഇതിനിടയിലാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. ഉടനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

വിവരമറിഞ്ഞ് അജിത്ത്, മകിഴ് തിരുമേനി, ഛായാഗ്രാഹകന്‍ നീരവ് ഷാ എന്നിവര്‍ ആശുപത്രിയിലെത്തുമ്പോഴേക്കും മിലന്റെ മരണം സംഭവിച്ചിരുന്നു. അജിത്ത് ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്ന മിലന്‍. മലയാളത്തില്‍ പദ്മശ്രീ ഭരത് ഡോ. സരോജ് കുമാര്‍ എന്ന ചിത്രത്തിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

1999-ല്‍ കലാ സംവിധായകന്‍ സാബു സിറിളിന്റെ സഹായി ആയിട്ടാണ് സിനിമാ പ്രവേശനം. സിറ്റിസെന്‍, തമിഴന്‍, റെഡ്, വില്ലന്‍, അന്യന്‍ എന്നീ ചിത്രങ്ങള്‍ ഈ സമയത്ത് ചെയ്ത ചിത്രങ്ങളാണ്. 2006-ല്‍ കലാപ കാതലന്‍ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര കലാസംവിധായകനായി. ബില്ല, ഏകന്‍, വേട്ടൈക്കാരന്‍, വേലായുധം, വീരം, വേതാളം, ബോഗന്‍, വിവേഗം, സാമി 2 തുടങ്ങി നിരവധി ചിത്രങ്ങള്‍ക്കായി പ്രവര്‍ത്തിച്ചു. സൂര്യ നായകനായ കങ്കുവാ ആണ് വിടാമുയര്‍ച്ചിക്ക് മുമ്പേ മിലന്‍ ചെയ്ത ചിത്രം. മിലന്‍ ഫെര്‍ണാണ്ടസ് എന്നാണ് മുഴുവന്‍ പേര്. ഭാര്യയും മകനുമുണ്ട്.

Top