‘മാഞ്ചസ്റ്റര്‍ സിറ്റി അല്ല’; അടുത്ത പ്രീമിയര്‍ ലീഗ് ജേതാക്കളെ പ്രവചിച്ച് ആര്‍സന്‍ വെംഗര്‍

ലണ്ടന്‍: വരുന്ന സീസണിലെ പ്രീമിയര്‍ ലീഗ് ജേതാക്കളെ പ്രവചിച്ച് ആര്‍സന്‍ വെംഗര്‍. ആഴ്‌സണല്‍ കിരീടം നേടുമെന്നാണ് വെംഗറുടെ പ്രവചനം. ആഴ്‌സണലിന്റെ അതിശക്തമായ വെല്ലുവിളി അതിജീവിച്ചാണ് ഇക്കഴിഞ്ഞ സീസണില്‍ മാഞ്ചസ്റ്റര്‍ സിറ്റി പ്രീമിയര്‍ ലീഗ് കിരീടം നേടിയത്. തുടക്കം മുതല്‍ ലീഗില്‍ മുന്നിട്ട് നിന്നെങ്കിലും അവസാന മത്സരങ്ങളിലെ മോശം പ്രകടനം ആഴ്‌സണലിന് തിരിച്ചടിയായി. ഈ തിരിച്ചടികളെല്ലാം മറികടന്ന് ആഴ്‌സണല്‍ ഇത്തവണ കിരീടം നേടുമെന്നാണ് ഗണ്ണേഴ്‌സിന്റെ മുന്‍കോച്ച് ആര്‍സന്‍ വെംഗറുടെ പ്രവചനം.

കഴിഞ്ഞ സീസണില്‍ സമ്മര്‍ദത്തിന് അടിപ്പെട്ടതാണ് ആഴ്‌സണലിന് തിരിച്ചടിയായത്. ഇത്തരം സാഹചര്യങ്ങള്‍ അതിജീവിക്കാന്‍ അര്‍ട്ടേറ്റയും സംഘവും പ്രാപ്തരായിട്ടുണ്ട്. ആഴ്‌സണല്‍ ഇത്തവണ സ്വന്തമാക്കിയ താരങ്ങളെല്ലാം ടീമിന് ദീര്‍ഘകാലത്തേക്ക് പ്രയോജനപ്പെടുന്നവരാണ്. മികച്ച താരങ്ങളും പരിശീലകനുമുള്ള ആഴ്‌സണല്‍ ഇത്തവണ കിരീടം നേടുമെന്ന് ഉറപ്പാണെന്നും വെംഗര്‍ പറഞ്ഞു. സമ്മര്‍ ട്രാന്‍സ്ഫര്‍ ജാലകത്തില്‍ മൂന്ന് താരങ്ങളെയാണ് ആഴ്‌സണല്‍ സ്വന്തമാക്കിയത്.

വെസ്റ്റ് ഹാമില്‍ നിന്ന് മിഡ്ഫീല്‍ഡര്‍ ഡെക്ലാന്‍ റൈസിനെ സ്വന്തമാക്കിയതാണ് ഏറ്റവും പ്രധാനം. 105 ദശലക്ഷം പൗണ്ട് മുടക്കി ക്ലബ്ബിന്റെ ട്രാന്‍സ്ഫര്‍ ചരിത്രത്തിലെ റെക്കോര്‍ഡ് തുകയ്ക്കാണ് 24കാരനായ റൈസിനെ ആഴ്‌സനല്‍ ടീമിലെത്തിച്ചത്. ചെല്‍സിയില്‍ നിന്ന് അറ്റാക്കിംഗ് മിഡ്ഫീല്‍ഡര്‍ കായ് ഹാവെര്‍ട്‌സിനെയും അയാക്‌സില്‍ നിന്ന് ഡിഫന്‍ഡര്‍ ജൂറിയന്‍ ടിംബറെയും ആഴ്‌സനല്‍ സ്വന്തമാക്കിയിട്ടുണ്ട്. ആര്‍സന്‍ വെംഗര്‍ പരിശീലനായിരുന്നപ്പോള്‍ 2004ലാണ് ആഴ്‌സണല്‍ അവസാനമായി പ്രീമിയര്‍ ലീഗ് കിരീടം നേടിയത്.

ജര്‍മ്മന്‍താരം ഇല്‍ക്കെ ഗുന്ദോകനെ ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ച് ബാഴ്‌സലോണ. മാഞ്ചസ്റ്റര്‍ സിറ്റി നായകനായിരുന്ന ഗുന്ദോകന്‍ ബാഴ്‌സയിലെത്തിത് രണ്ട് വര്‍ഷത്തെ കരാറില്‍. ബാഴ്‌സക്കായും മികച്ച പ്രകടനം പുറത്തെടുക്കാനാവുമെന്ന് ഗുന്ദോകന്‍ വ്യക്തമാക്കി.

Top