പ്രളയക്കെടുതി ; കേരളത്തിന് എല്ലാ പിന്തുണയും അറിയിക്കുന്നതായി ആഴ്‌സണല്‍

പ്രളയകെടുതിയില്‍ കീഴടങ്ങാതെ പൊരുതുന്ന കേരളത്തിന് എല്ലാ വിധ പിന്തുണയും അറിയിച്ച് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് ആഴ്‌സണല്‍. ‘കേരളത്തിലെ ആഴ്‌സണല്‍ ആരാധകര്‍ നടത്തുന്ന എല്ലാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും അഭിമാനമുണ്ട്, അവ തുടരുക. പ്രതികൂലമായ ഈ സാഹചര്യത്തില്‍ കേരളത്തിന് എല്ലാ പിന്തുണയും അറിയിക്കുന്നു’ ആഴ്‌സണലിന്റെ വീഡിയോയില്‍ പറയുന്നു. കൂടാതെ കേരളത്തോട് ധൈര്യമായി ഇരിക്കാനും ക്ലബ് പറയുന്നുണ്ട്.

ആഴ്‌സണലിന്റെ പിന്തുണയ്ക്ക് നന്ദി അറിയിച്ചു കൊണ്ട് ധാരാളം പേരാണ് രംഗത്ത് വന്നത്. നേരത്തെ കേരളത്തിലെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാനായി തങ്ങളുടെ ജേഴ്‌സികള്‍ ലേലത്തിന് വയ്ക്കാനൊരുങ്ങി ഇറ്റാലിയന്‍ ഫുട്‌ബോള്‍ ക്ലബായ റോമ രംഗത്ത് വന്നിരുന്നു. അടുത്ത മത്സരത്തിന് ശേഷം ആദ്യ ഇലവനിലെ അഞ്ച് താരങ്ങളുടെ ജഴ്‌സികളാണ് ലേലം ചെയ്യുന്നത്. ഈ തുക കേരളത്തിന് കൈമാറുമെന്ന് ട്വിറ്ററിലൂടെ റോമ അറിയിച്ചത്.

കേരളത്തെ സഹായിക്കാനായി രംഗത്തിറങ്ങിയ റോമയെ അഭിനന്ദിക്കുകയാണ് മലയാളി ആരാധകര്‍. ഐഎസ്എല്‍ ക്ലബ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഔദ്യോഗിക ആരാധകക്കൂട്ടമായ മഞ്ഞപ്പട കേരള ബ്ലാസ്റ്റേഴ്‌സ് ഫാന്‍സും റോമയ്ക്ക് നന്ദിയറിയിച്ചിട്ടുണ്ട്.

Top