യൂറോപ്പ ലീഗിൽ നിന്നും ആഴ്‌സണല്‍ പുറത്ത്

ആഴ്‌സണല്‍: മൈതാനമധ്യത്ത് നിന്ന് 46 വാര അകലെ വച്ചൊരു അവിശ്വസനീയ ഷോട്ട്! യൂറോപ്പ ലീഗില്‍ ആഴ്‌സണലിനെതിരായ പ്രീ ക്വാര്‍ട്ടറിന്റെ രണ്ടാം പാദത്തില്‍ സ്പോര്‍ടിങ് ലിസ്‌ബണിന്റെ പെഡ്രോ ഗോള്‍സാല്‍വസ് നേടിയ ഗോളാണ് ഫുട്ബോള്‍ ലോകത്തെ പുതിയ ചര്‍ച്ച വിഷയം. ഈ വര്‍ഷം ഇതുവരെ പിറന്ന ഏറ്റവും മികച്ച ഗോളുകളിലൊന്നായാണ് ഇത് വാഴ്‌ത്തപ്പെടുത്തുന്നത്. ആഴ്‌സണല്‍ താരങ്ങളുടെ പിഴവില്‍ നിന്ന് പന്ത് റാഞ്ചിയായിരുന്നു മൈതാനമധ്യത്തിന് അടുത്തുവച്ച് ഗോള്‍സാല്‍വസിന്റെ ലോങ് റേഞ്ചര്‍.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ പോയിന്റ് പട്ടികയില്‍ തലപ്പത്ത് കുതിക്കുമ്പോഴും ആഴ്‌സണല്‍ യൂറോപ്പ ലീഗിന്റെ പ്രീ ക്വാര്‍ട്ടറില്‍ വീണു. രണ്ടാംപാദത്തില്‍ 19-ാം മിനുറ്റില്‍ സൂപ്പര്‍ താരം ഷാക്കയിലൂടെ ആഴ്‌‌സണല്‍ ലീഡ് പിടിച്ചെങ്കിലും 62-ാം മിനുറ്റിലെ പെഡ്രോ ഗോണ്‍സാല്‍വസിന്റെ ലോംഗ് റേഞ്ചര്‍ മത്സരം 1-1ന് സമനിലയിലാക്കി. എക്‌സ്‌ട്രാടൈമില്‍ ഗോളൊന്നും പിറന്നില്ല. പെഡ്രോയുടെ ഗോളോടെ അഗ്രഗേറ്റ് സ്കോറും 3-3 എന്ന നിലയില്‍ തുല്യതയിലായതോടെ പെനാല്‍റ്റി ഷൂട്ടൗട്ടാണ് ആഴ്‌സണല്‍-സ്പോര്‍ടിങ് മത്സര വിജയികളെ തീരുമാനിച്ചത്. ഷൂട്ടൗട്ടില്‍ അഞ്ചിനെതിരെ മൂന്ന് ഗോളിന് ആഴ്‌സണല്‍ തോല്‍വി രുചിച്ചു.

പെനാല്‍റ്റി ഷൂട്ടൗട്ടില്‍ സ്പോര്‍ട്ടിങ്ങിന്റെ അഞ്ച് കിക്കും വലയിലെത്തിയപ്പോള്‍ ആഴ്‌സണലിനായി കിക്കെടുത്ത ബ്രസീലിയന്‍ താരം മാര്‍ട്ടിനെല്ലിക്ക് പിഴച്ചു. നൂനോ സാന്‍റോസും അര്‍തറും ഗോണ്‍സാലോ ഇനാക്കിയോയും റിക്കാര്‍ഡോ ഇസാഗോയോയും ജെറമിയയും സ്പോര്‍ടിംഗിനായി വല കുലുക്കി. ആഴ്‌സണലിനായി ലിയാന്‍ഡ്രോ ട്രൊസാര്‍ഡും ബുക്കായോ സാക്കയും മാര്‍ട്ടിന്‍ ഒഡേഗാര്‍ഡും ലക്ഷ്യം കണ്ടപ്പോള്‍ മാര്‍ട്ടിനെല്ലിയുടെ ഷോട്ട് പാഴാവുകയായിരുന്നു. സീസണില്‍ ആഴ്‌സണലിന്റെ കുതിപ്പിന് കരുത്ത് പകര്‍ന്ന താരങ്ങളിലൊരാളാണ് മാര്‍ട്ടിനെല്ലി. സീസണില്‍ സ്വന്തം മൈതാനത്ത് ഇതാദ്യമായാണ് ആഴ്‌സണല്‍ പരാജയപ്പെടുന്നത്.

Top