യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് യോഗ്യത നേടി ആഴ്സണല്‍

ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് യോഗ്യത നേടി ആഴ്സണല്‍. പ്രീക്വാര്‍ട്ടറില്‍ പോര്‍ച്ചുഗീസ് ക്ലബ്ബായ പോര്‍ട്ടോയെ ഷൂട്ടൗട്ടില്‍ തകര്‍ത്താണ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ ആഴ്സണല്‍ ക്വാര്‍ട്ടര്‍ ബെര്‍ത്ത് ഉറപ്പിച്ചത്. 2009-10 സീസണിന് ശേഷം ആദ്യമായാണ് ആഴ്സണല്‍ ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിക്കുന്നത്.

നിശ്ചിത സമയവും അധിക സമയവും സമനിലയിലായതോടെ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടു. ഷൂട്ടൗട്ടില്‍ 4-2 ന് വിജയിച്ച ആഴ്സണല്‍ ക്വാര്‍ട്ടര്‍ ഫൈനലിന് യോഗ്യത നേടി. ഒഡെഗാര്‍ഡ്, കയ് ഹവേര്‍ട്സ്, ബുകായോ സാക, ഡെക്ലാന്‍ റൈസ് എന്നിവര്‍ ആഴ്സണലിന് വേണ്ടി പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ലക്ഷ്യം കണ്ടു. എന്നാല്‍ പോര്‍ട്ടോയുടെ ബ്രസീലിയന്‍ താരങ്ങളായ വെന്‍ഡല്‍, ഗലേനോ എന്നിവരുടെ ഷോട്ട് ഗോള്‍കീപ്പര്‍ ഡേവിഡ് റായ തടുത്തതോടെ ആഴ്സണല്‍ വിജയമുറപ്പിച്ചു.

പോര്‍ട്ടോയ്ക്കെതിരെ നടന്ന ആദ്യപാദ മത്സരത്തില്‍ ഒരു ഗോളിന് പരാജയപ്പെട്ട ആഴ്സണല്‍ രണ്ടാം പാദത്തില്‍ ഗോളടിച്ച് മത്സരത്തിലേക്ക് തിരിച്ചെത്തി. എമിറേറ്റ്സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ 41-ാം മിനിറ്റില്‍ ലിയാന്‍ഡ്രോ ട്രൊസാര്‍ഡാണ് ഗണ്ണേഴ്സിന്റെ നിര്‍ണായക ഗോള്‍ നേടുന്നത്.

Top