സീസണില്‍ ആഴ്‌സണലിന് ആദ്യ ജയം; ഒബമയാങ്ങിന് ഹാട്രിക്ക്

2021-22 സീസണില്‍ ആഴ്‌സണലിന് ആദ്യ ജയം. ഇഎഫ്എല്‍ കപ്പിന്റെ രണ്ടാം റൗണ്ടില്‍ വെസ്റ്റ് ബ്രോമിനെതിരെയാണ് ആഴ്‌സണല്‍ ആദ്യ ജയം കുറിച്ചത്. മടക്കമില്ലാത്ത 6 ഗോളുകള്‍ക്കായിരുന്നു ഗണ്ണേഴ്‌സിന്റെ ജയം. ഗാബോണ്‍ താരം പിയേര്‍-എമെറിക്ക് ഒബമയാങ് ആഴ്‌സണലിനായി ഹാട്രിക്ക് നേടി.

നിക്കോളാസ് പെപ്പെ, ബുക്കായോ സാക്ക, അലക്‌സാന്‍ഡ്രേ ലകാസറ്റ് എന്നിവരാണ് ആഴ്‌സണലിന്റെ മറ്റ് സ്‌കോറര്‍മാര്‍. കളി തുടങ്ങി 17ആം മിനിട്ടില്‍ തന്നെ ഒബമയാങിലൂടെ ആഴ്‌സണല്‍ മുന്നിലെത്തി.

ആദ്യ പകുതിയുടെ അവസാന മിനിട്ടില്‍ വീണ്ടും ഒബമയാങ് സ്‌കോര്‍ ചെയ്തു. ഇഞ്ചുറി ടൈമില്‍ പെപ്പെ കൂടി ഗോള്‍വല തുളച്ചതോടെ ആദ്യ പകുതി അവസാനിക്കുമ്പോള്‍ ആഴ്‌സണല്‍ 3-0നു മുന്നില്‍.

രണ്ടാം പകുതിയ്ക്ക് 5 മിനിട്ട് പ്രായമായപ്പോള്‍ ബുക്കായോ സാക്കയിലൂടെ ആഴ്‌സണല്‍ ലീഡ് നില വര്‍ധിപ്പിച്ചു. 62ആം മിനിട്ടില്‍ മൂന്നാം ഗോള്‍ നേടിയ ഒബമയാങ് ഹാട്രിക്ക് തികച്ചു. 69ആം മിനിട്ടില്‍ ലകാസറ്റ് ആഴ്‌സണലിന്റെ ഗോല്‍ പട്ടിക പൂര്‍ത്തിയാക്കി.

 

Top