ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വമ്പന്‍മാര്‍ക്ക് അടിതെറ്റി. ഒന്നാം സ്ഥാനക്കാരായ ലീസ്റ്റര്‍ ലിവര്‍പൂളിനോട് പരാജയപ്പെട്ടതിനു പിന്നാലെ രണ്ടാം സ്ഥാനക്കാരായ ആഴ്‌സണലും തോല്‍വി വഴങ്ങി. സതാംപ്ടണോട് എതിരില്ലാത്ത നാലു ഗോളുകള്‍ക്കാണ് ഗണ്ണേഴ്‌സ് പരാജയപ്പെട്ടത്.
19-ാം മിനിറ്റില്‍ കൂകോ മാര്‍ട്ടീനയാണ് ഗണ്ണേഴ്‌സിന് ആദ്യ പ്രഹരം നല്‍കിയത്. മാര്‍ട്ടീനയുടെ 30 വാര അകലെനിന്നുള്ള ഷോട്ട് ആഴ്‌സണല്‍ വലകുലുക്കി. രണ്ടാം പകുതിയിലായിരുന്നു ബാക്കി മൂന്നു ഗോളുകളും. 55-ാം മിനിറ്റില്‍ ഷെയ്ന്‍ ലോംഗിലൂടെ സതാംപ്ടണ്‍ ലീഡ് ഇരട്ടിയാക്കി.
69-ാം മിനിറ്റില്‍ ഹൊസേ ഫോണ്ടേ ആഴ്‌സണല്‍ വലയില്‍ വീണ്ടും പന്തെത്തിച്ചു. മത്സരത്തിന്റെ അധികസമയത്ത് ലോംഗ് ഒരിക്കല്‍ക്കൂടി ലക്ഷ്യം കണ്ടതോടെ ഗണ്ണേഴ്‌സിന്റെ പരാജയം പൂര്‍ത്തിയായി. ഇതോടെ വിജയമറിയാതെയുള്ള തുടര്‍ച്ചയായ അഞ്ചു മത്സരങ്ങളുടെ പരമ്പര സതാംപ്ടണ്‍ അവസാനിപ്പിച്ചു.
സതാംപ്ടണിന്റെ ജയത്തോടെ 18 കളികളില്‍നിന്നു 38 പോയിന്റുമായി ലീസ്റ്റര്‍ പ്രീമിയര്‍ ലീഗ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. രണ്ടു പോയിന്റ് പിന്നിലാണ് രണ്ടാമന്‍മാരായ ആഴ്‌സണല്‍.


