‘ഇന്ത്യന്‍ ക്രിക്കറ്റിനെ അഹങ്കാരം ബാധിച്ചു’; ഡബ്ല്യുടിസി ഫൈനലിലെ തോല്‍വിയില്‍ ഇന്ത്യയെ വിമര്‍ശിച്ച് സര്‍ ആന്‍ഡി റോബര്‍ട്ട്സ്

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ് ഫൈനലില്‍ ഓസ്ട്രേലിയക്കെതിരെ പരാജയം ഏറ്റുവാങ്ങിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ വിമര്‍ശിച്ച് വെസ്റ്റ് ഇന്‍ഡീസ് പേസ് ബോളിങ് ഇതിഹാസം സര്‍ ആന്‍ഡി റോബര്‍ട്ട്സ്. ഇന്ത്യന്‍ ക്രിക്കറ്റിനെ അഹങ്കാരം ബാധിച്ചു എന്നാണ് അദ്ദേഹത്തിന്റെ വിമര്‍ശനം. ഫൈനലില്‍ ഓസ്ട്രേലിയക്ക് എതിരെ 209 റണ്‍സിന്റെ തോല്‍വിയാണ് ഇന്ത്യ നേരിട്ടത്. 2021ല്‍ പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ന്യൂസീലന്‍ഡിനെതിരെയും ഇന്ത്യ പരാജയം നുണഞ്ഞിരുന്നു.

ഇന്ത്യന്‍ ക്രിക്കറ്റിലേക്ക് അഹങ്കാരം കടന്നുകയറി. അതിനാല്‍, ലോകത്തുള്ള മറ്റു രാജ്യങ്ങളെ ഇന്ത്യ വിലകുറച്ചു കണ്ടു. ടെസ്റ്റ് ക്രിക്കറ്റിനാണോ ഏകദിന ക്രിക്കറ്റിനാണോ ഇന്ത്യന്‍ നിര ശ്രദ്ധ കൊടുക്കുന്നതെന്ന് ടീം വ്യക്തമാക്കണം. ടി20 ക്രിക്കറ്റ് അതിന്റെ വഴിക്ക് നീങ്ങും. ടെസ്റ്റ് ചാംപ്യന്‍ഷിപ് ഫൈനലില്‍ ബാറ്റും ബോളും തമ്മില്‍ ഒരു പോരാട്ടം പോലും ഉണ്ടായില്ല. ഇന്ത്യയില്‍ നിന്നും മികച്ച ബാറ്റിംഗ് പ്രതീക്ഷിച്ചു. അജിങ്ക്യ രഹാനെ പൊരുതിയെങ്കിലും ഫൈനലില്‍ എനിക്ക് പ്രതീക്ഷയുണ്ടായില്ല എന്ന് അദ്ദേഹം തുറന്നടിച്ചു. ശുഭ്മാന്‍ ഗില്ലിന്റെ ഷോട്ടുകള്‍ മികച്ചതെന്ന് വ്യക്തമാക്കിയ ആന്‍ഡി റോബര്‍ട്ട്‌സ് ഇന്ത്യക്ക് കഴിവുള്ള താരങ്ങള്‍ ഉണ്ടെന്നും എന്നാല്‍ അവര്‍ക്ക് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചില്ല എന്നും സൂചിപ്പിച്ചു.

രവിചന്ദ്രന്‍ അശ്വിനെ ടീമിലെടുക്കാത്തത് ഞെട്ടലുണ്ടാക്കിയെന്ന് ആന്‍ഡി പറഞ്ഞു. ഇന്ത്യയുടെ ഏറ്റവും മികച്ച സ്പിന്നര്‍ ടീമിലെടുക്കാത്തത് അവിശ്വസനീയമാണ്. നാല് പേസര്‍മാരെ ടീമില്‍ എത്തിച്ചത് മോശമല്ലാത്ത തീരുമാനം ആണെകിലും അവര്‍ വേണ്ടത്ര ഉയരം ഇല്ലാത്തവരാണ്. ഉയരം കൂടുതലുള്ള ആരെങ്കിലും ഉണ്ടായിരുന്നെകിലും പന്തിന്റെ ബൗണ്‍സില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാകുമായിരുന്നു എന്ന് അദ്ദേഹം നിരീക്ഷിച്ചു.

ടെസ്റ്റിന്റെ നാലാം ദിവസം മൂന്ന് വിക്കറ്റിന് 164 എന്ന നിലയില്‍ ക്രീസിലുണ്ടായിരുന്ന ഇന്ത്യയെ കുറിച്ച് കൂടുതല്‍ പ്രതീക്ഷകള്‍ തനിക്ക് ഉണ്ടായിരുന്നില്ല എന്ന് സര്‍ ആന്‍ഡി റോബര്‍ട്ട്‌സ് വ്യക്തമാക്കി. അവര്‍ തോല്‍ക്കുമെന്ന് എനിക്കറിയാമായിരുന്നു. രണ്ട് ഇന്നിംഗ്സുകളിലും ബാറ്റിംഗ് മോശമായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു.

രണ്ടു ടെസ്റ്റുകളും മൂന്നും ഏകദിനങ്ങളും അഞ്ച് ടി20 മത്സരങ്ങളും അടങ്ങുന്ന പരമ്പരക്കായി ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിലേക്ക് പോകുന്നുണ്ട്. എന്നാല്‍, സ്‌ക്വാഡുകള്‍ പ്രഖ്യാപിച്ചിട്ടില്ലാത്തതിനാല്‍ പരമ്പരകളെ പറ്റി അഭിപ്രായം പറയാന്‍ ആന്‍ഡി റോബര്‍ട്ട്‌സ് തുനിഞ്ഞില്ല. എന്നാല്‍, ചില മത്സരങ്ങള്‍ക്ക് മഴ വില്ലനാകുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.

Top