റിപ്പബ്ലിക് ദിനത്തില്‍ സ്‌കൂളില്‍ മദ്യപിച്ചെത്തി; പ്രിന്‍സിപ്പലിന് സസ്‌പെന്‍ഷന്‍

ജയ്പൂര്‍: റിപ്പബ്ലിക് ദിനത്തില്‍ സ്‌കൂളില്‍ മദ്യപിച്ചെത്തിയ പ്രിന്‍സിപ്പലിനെ സസ്‌പെന്‍ഡ് ചെയ്തു. രാജസ്ഥാനിലെ നാഗൗര്‍ ജില്ലയിലെ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. വിദ്യാഭ്യാസ വകുപ്പിന്റേതാണ് ഉത്തരവ്. പ്രിന്‍സിപ്പലിനെതിരെ വകുപ്പുതല അന്വേഷണത്തിന് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു.

നാഗൗര്‍ ജില്ലയിലെ പര്‍ബത്സറിലുള്ള സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. സ്‌കൂളിലെ റിപ്പബ്ലിക് ദിന പരിപാടിക്ക് മദ്യലഹരിയിലാണ് കുറ്റാരോപിതനായ പ്രിന്‍സിപ്പല്‍ അരവിന്ദ് കുമാര്‍ എത്തിയത്. പരിപാടിയില്‍ അതിഥിയായി എത്തിയ പര്‍ബത്സര്‍ എംഎല്‍എ രാംനിവാസ് ഗവാദിയ പരിപാടി അവസാനിച്ച ശേഷം പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

വൈദ്യപരിശോധനയില്‍ പ്രിന്‍സിപ്പല്‍ മദ്യം കഴിച്ചതായി പൊലീസ് സ്ഥിരീകരിച്ചു. ഇതിന് പിന്നാലെയാണ് മദ്യപിച്ച് സ്‌കൂള്‍ പരിസരത്ത് വന്ന് വകുപ്പിന് കളങ്കമുണ്ടാക്കിയ പ്രിന്‍സിപ്പലിനെ സസ്പെന്‍ഡ് ചെയ്ത് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്. സ്‌കൂള്‍ പ്രിന്‍സിപ്പലിനെതിരെ വകുപ്പുതല അന്വേഷണം നടത്താനും ജില്ലാ കളക്ടര്‍ ഉത്തരവിട്ടു.

Top