കെജരിവാളിനെ അറസ്റ്റ് ചെയ്ത് ‘കുടുങ്ങി’ ബി.ജെ.പി സർക്കാർ,ജനരോഷം ശക്തം,അന്തംവിട്ട് പരിവാർ നേതൃത്വം

ത്മവിശ്വാസം നല്ലതാണ് എന്നാല്‍ അത് അഹങ്കാരമായി മാറി എന്തും ചെയ്തു കളയാം എന്നു വിചാരിച്ചാല്‍ വിപരീത ഫലമാണ് ഉണ്ടാക്കുക. അതാണിപ്പോള്‍ ഡല്‍ഹിയിലും സംഭവിച്ചിരിക്കുന്നത്. കേന്ദ്രത്തില്‍ മൂന്നാം ഊഴം ഉറപ്പിച്ച് മുന്നോട്ട് പോയ ബി.ജെ.പിക്ക് കടുത്ത വെല്ലുവിളിയാണ് നിലവില്‍ ഉയര്‍ന്നിരിക്കുന്നത്. മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്ത എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നടപടിയാണ് ബി.ജെ.പിയെ പ്രതിരോധത്തിലാക്കിയിരിക്കുന്നത്. കെജ്രിവാള്‍ തെറ്റ് ചെയ്തു എന്ന വാദത്തേക്കാള്‍ അദ്ദേഹത്തെ രാഷ്ട്രീയ പ്രേരിതമായി കുടുക്കി എന്ന വാദത്തിനാണ് പൊതു സമൂഹത്തില്‍ സ്വീകാര്യത കൂടുന്നത്. വ്യാപക പ്രതിഷേധമാണ് രാജ്യവ്യാപകമായി ഇപ്പോള്‍ നടക്കുന്നത്. ഇന്ത്യാ മുന്നണിയിലെ സകല പ്രതിപക്ഷ പാര്‍ട്ടികളും കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ രൂക്ഷമായാണ് പ്രതികരിച്ചിരിക്കുന്നത്.

ലോകസഭ തിരഞ്ഞെടുപ്പില്‍ കുതിച്ച് പാഞ്ഞു കൊണ്ടിരുന്ന ബി.ജെ.പിയെ ഒറ്റയടിക്ക് തളയ്ക്കാനുള്ള ആയുധമാണ് കെജ്രിവാളിന്റെ അറസ്റ്റോടെ ഇന്ത്യാ സഖ്യത്തിന് വീണു കിട്ടിയിരിക്കുന്നത്. ലോകസഭ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുടെയും മറ്റു പ്രതിപക്ഷ പാര്‍ട്ടികളുടെയും പ്രധാന പ്രചരണ വിഷയവും കെജ്രിവാളിന്റെ അറസ്റ്റ് തന്നെ ആയി മാറും. അതിനുള്ള നീക്കം ഇതിനകം തന്നെ അവര്‍ തുടങ്ങി കഴിഞ്ഞിട്ടുമുണ്ട്. കേന്ദ്ര ഏജന്‍സികളെ മുന്‍നിര്‍ത്തി പകവീട്ടല്‍ നടത്തുന്ന മോദി സര്‍ക്കാര്‍ ‘പ്രഖ്യാപിത’ അടിയന്തരാവസ്ഥയാണ് നടപ്പാക്കുന്നതെന്നാണ് സി.പി.എം ആരോപിക്കുന്നത്. എ.എ.പിക്ക് പുറമെ കെജ്രിവാളിന്റെ അറസ്റ്റ് നടന്ന ഉടനെ തന്നെ രാത്രിയില്‍ തെരുവിലിറങ്ങിയതും സി.പി.എം പ്രവര്‍ത്തകരാണ്.

സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ സംഘടിച്ച് നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ എം.എ ബേബി ഉള്‍പ്പെടെയുള്ള ഉന്നത നേതാക്കളാണ് പങ്കെടുത്തിരിക്കുന്നത്. കേന്ദ്ര അവഗണനക്കെതിരെ കേരള മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ നടന്ന പ്രതിഷേധ സമരത്തില്‍ എ.എ.പി നേതാക്കളായ ഡല്‍ഹി മുഖ്യമന്ത്രിയും പഞ്ചാബ് മുഖ്യമന്ത്രിയും പങ്കെടുത്തതോടെ ശക്തമായ ബന്ധമാണ് കെജ്രിവാളിന്റെ അറസ്റ്റോടെ കൂടുതല്‍ കരുത്തായി മാറിയിരിക്കുന്നത്.

സി. പി.എമ്മിനു പുറമെ ഇന്ത്യാ മുന്നണിയുടെ ഭാഗമായ ഡി.എം.കെ കോണ്‍ഗ്രസ്സ് ശിവസേന ഉദ്ധവ് വിഭാഗം സമാജ് വാദി പാര്‍ട്ടി ആര്‍.ജെ.ഡി തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടികളും വ്യാപക പ്രതിഷേധവുമായാണ് രംഗത്തുള്ളത്. സോഷ്യല്‍ മീഡിയകളിലും കെജ്രിവാളിനെ അറസ്റ്റ് ചെയ്ത നടപടി കത്തിപ്പടരുകയാണ്.
കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി രാഹുല്‍ ഗാന്ധി സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ധവ് താക്കറെ തുടങ്ങിയ നേതാക്കളെല്ലാം ഇ.ഡിയുടെ അറസ്റ്റിനെ ശക്തമായ ഭാഷയിലാണ് അപലപിച്ചിരിക്കുന്നത്.

ബി.ജെ.പിക്കെതിരെ കടന്നാക്രമിക്കാന്‍ കിട്ടിയ ഒന്നാന്തരം ഒരവസരമാക്കി പ്രതിപക്ഷ പാര്‍ട്ടികള്‍ കെജ്രിവാളിന്റെ അറസ്റ്റിനെ ഉപയോഗപ്പെടുത്തുമ്പോള്‍ പകച്ചു നില്‍ക്കുന്നത് ഇപ്പോള്‍ ബി.ജെ.പി പ്രവര്‍ത്തകരാണ്. തിരഞ്ഞെടുപ്പിന് തൊട്ടു മുന്‍പത്തെ ഈ അറസ്റ്റ് ഒഴിവാക്കാമായിരുന്നു എന്ന അഭിപ്രായം സംഘപരിവാര്‍ നേതൃത്വത്തിലും നിലവില്‍ രൂപപ്പെട്ടിട്ടുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ ഒറ്റ സീറ്റു പോലും ബി.ജെ.പിക്ക് ഇനി ലഭിക്കാന്‍ സാധ്യതയില്ലന്നാണ് ഒരു വിഭാഗം രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്. ഡല്‍ഹിക്ക് പുറമെ പഞ്ചാബ് ഹരിയാന ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലും എ.എ.പി അടങ്ങിയ ഇന്ത്യാ സഖ്യത്തിനാണ് സാധ്യത കല്‍പ്പിക്കപ്പെടുന്നത്.

മോദിയുടെ തട്ടകമായ ഗുജറാത്തില്‍ പോലും ഇന്ത്യാ സഖ്യത്തിന് ആത്മവിശ്വാസം നല്‍കുന്നതാണ് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍. എ.എ.പിക്ക് ശക്തമായ അടിത്തറയുള്ള ഗുജറാത്തില്‍ ഇന്ത്യാ സഖ്യത്തിന് മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കെജ്രിവാളിന്റെ അറസ്റ്റ് സഹായിച്ചാലുംഅത്ഭുതപ്പെടേണ്ടതില്ല. 80 ലോകസഭ സീറ്റുകള്‍ ഉള്ള യു.പിയിലും 40 ലോകസഭ സീറ്റുകള്‍ ഉള്ള ബീഹാറിലും 39 ലോകസഭ സീറ്റുകള്‍ ഉള്ള തമിഴ്നാട്ടിലും ബി.ജെ.പിക്ക് എതിരെ ശക്തമായ വികാരം അഴിച്ചുവിടാനാണ് ഇന്ത്യാ സഖ്യം ശ്രമിക്കുന്നത്. 48 ലോകസഭ സീറ്റുകള്‍ ഉള്ള മഹാരാഷ്ട്രയിലും പ്രതിപക്ഷ സഖ്യം വളരെശക്തരാണ്. ഈ സംസ്ഥാനങ്ങളില്‍ മിക്കതും കൈവിട്ടാല്‍ മൂന്നാം ഊഴമെന്ന മോദിയുടെ സ്വപ്നമാണ് അതോടെ അവസാനിക്കുക.

ഏകാധിപത്യ ഭരണത്തിലേക്കും അടിയന്തരാവസ്ഥയിലേക്കുമാണ് രാജ്യത്തെ മോദി സര്‍ക്കാര്‍ കൊണ്ടു പോകുന്നതെന്ന പ്രതിപക്ഷ പ്രചരണത്തിന് ശക്തി പകരാന്‍ എന്തായാലും കെജ്രിവാളിന്റെ അറസ്റ്റ് കാരണമായിട്ടുണ്ട്. എന്‍.ഡി.എ ഘടകകക്ഷികള്‍ തന്നെ സമ്മതിക്കുന്ന കാര്യമാണിത്. ലോകസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ ആരാണ് കെജ്രിവാളിനെ അറസ്റ്റ് ചെയ്യാനുള്ള മണ്ടന്‍ നിര്‍ദ്ദേശം നല്‍കിയതെന്ന ചോദ്യമാണ് സംഘപരിവാര്‍ അനുകൂലികളും ചോദിക്കുന്നത്. ഇക്കാര്യത്തില്‍ ബി.ജെ.പി നേതൃത്വത്തില്‍ തന്നെ കടുത്ത ഭിന്നതയുണ്ടെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍.

ഇന്ന് രാജ്യത്ത് ഉള്ളതില്‍ വച്ച് ഏറ്റവും ജനകീയനയ മുഖ്യമന്ത്രിയാണ് അരവിന്ദ് കെജ്രിവാള്‍’നല്‍കിയ വാഗ്ദാനങ്ങള്‍ മുഴുവന്‍ നടപ്പാക്കുന്ന മുഖ്യമന്ത്രി’ എന്ന പ്രതിച്ഛായയാണ് അദ്ദേഹത്തിനുള്ളത്. ഈ പ്രതിച്ഛായയെയാണ് ബി.ജെ.പിയെയും ഭയപ്പെടുന്നത്. കെജ്രിവാളിനെ ഇപ്പോള്‍ അറസ്റ്റ് ചെയ്തത് അദ്ദേഹത്തിന്റെ പ്രചരണം തടയാനും എ.എ.പിയെ പ്രതിരോധത്തില്‍ ആക്കാനും ആണെങ്കില്‍ അത് തീര്‍ച്ചയായും വിപരീതഫലമാണ് ഉണ്ടാക്കിയിരിക്കുന്നത്. പുറത്തുള്ള കെജ്രിവാളിനേക്കാള്‍ അപകടകാരി ആയിരിക്കും അകത്തു കിടക്കുന്ന കെജ്രിവാള്‍ എന്നതും ബി.ജെ.പി നേതൃത്വം തിരിച്ചറിയുന്നത് നല്ലതാണ്.

400 സീറ്റെന്ന ബി.ജെ.പി ലക്ഷ്യം പുതിയ സാഹചര്യത്തില്‍ എന്തായാലും നടക്കാന്‍ സാധ്യത കുറവാണ്. 40 സീറ്റുകള്‍ ഉള്ള ബീഹാറില്‍ ഇപ്പോള്‍ തന്നെ കടുത്ത മത്സരമാണ് ബി.ജെ.പി-ജെ.ഡി.യു സഖ്യം നേരിടുന്നത്. അവസരവാദ കൂട്ട് കെട്ടിനെതിരെ കൂറ്റന്‍ റാലി നടത്തി ആര്‍.ജെ.ഡി സഖ്യം ബി.ജെ.പി സഖ്യമായ എന്‍.ഡി.എയെ ഞെട്ടിച്ചിരിക്കുകയാണ്. 2019-ല്‍ ബീഹാര്‍ തൂത്ത് വാരിയ എന്‍.ഡി.എയ്ക്ക് ഇത്തവണ എന്തായാലും ആ വിജയം ആവര്‍ത്തിക്കാന്‍ കഴിയുകയില്ല.

ഇടതുപക്ഷവും കോണ്‍ഗ്രസ്സും ഉള്‍പ്പെടുന്ന ആര്‍. ജെ.ഡി സഖ്യം വലിയ ആത്മവിശ്വാസത്തിലാണ് ഇത്തവണ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. അവസാന നിമിഷം നിതീഷ് കുമാറിന്റെ ജെ.ഡി.യു ബി.ജെ.പി പാളയത്തില്‍ എത്തിയത് ബി.ജെ.പിക്ക് യഥാര്‍ത്ഥത്തില്‍ തിരിച്ചടിയായാണ് മാറാന്‍ പോകുന്നത്.
80 ലോകസഭ അംഗങ്ങള്‍ ഉള്ള യു.പിയില്‍ പരമാവധി സീറ്റുകളില്‍ കഴിഞ്ഞ തവണ വിജയിച്ച ബി.ജെ.പിക്ക് എത്ര സീറ്റ് നഷ്ടമായാലും അത് വലിയ നഷ്ടമായാണ് മാറുക. അയോദ്ധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനം ഒരുക്കിയ അനുകൂല സാഹചര്യത്തെ കെജ്രിവാളിന്റെ ‘അറസ്റ്റിന് ‘ മറികടക്കാന്‍ കഴിഞ്ഞാല്‍ യു.പിയിലും ബി.ജെ.പി ശരിക്കും വിയര്‍ക്കും. ഇവിടെ സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാഥവ് ആണ് പ്രതിപക്ഷത്തിന്റെ തേര് നയിക്കുന്നത്.

48 ലോകസഭ സീറ്റുകള്‍ ഉള്ള മഹാരാഷ്ട്രയിലാകട്ടെ പ്രതിപക്ഷത്തെ ബി.ജെ.പി പിളര്‍ത്തിയെങ്കിലും അവരുടെ കരുത്ത് ചോര്‍ന്നിട്ടില്ല. ശിവസേനയുടെയും എന്‍.സി.പിയുടെയും കൂടുതല്‍ എം.എല്‍.എമാരും നേതാക്കളും ബി.ജെ.പി കൂടാരത്തില്‍ ആണെങ്കിലും മറുവിഭാഗം ഇപ്പോഴും കരുത്തര്‍ തന്നെയാണ്. എന്‍.സി.പി പവാര്‍ വിഭാഗത്തിനും ശിവസേന ഉദ്ധവ് വിഭാഗത്തിനും വലിയ ജനപിന്തുണ മഹാരാഷ്ട്രയില്‍ ഉണ്ട്. മുന്‍ മുഖ്യമന്ത്രിമാര്‍ കൈവിട്ടെങ്കിലും കോണ്‍ഗ്രസ്സിനും ചില മേഖലകളില്‍ സ്വാധീനമുണ്ട്. നാസിക്ക് പോലുള്ള കര്‍ഷക മേഖലകളില്‍ സി.പി.എം കര്‍ഷക സംഘടനയ്ക്കും വലിയ ശക്തിയാണുള്ളത്. എ.എ.പിയ്ക്കും മഹാരാഷ്ട്രയില്‍ മോശമല്ലാത്ത വോട്ടുകള്‍ ഉണ്ട്. ഈ പ്രതിപക്ഷ വോട്ടുകളെല്ലാം ഏകീകരിക്കപ്പെട്ടാല്‍ ബി.ജെ.പിയുടെ കണക്കു കൂട്ടലുകളാണ് തെറ്റുക. ഡല്‍ഹി മുഖ്യമന്ത്രിയുടെ അറസ്റ്റോടെ മഹാരാഷ്ട്രയിലെ പ്രതിപക്ഷവും സടകുടഞ്ഞാണ് എണ്ണീറ്റിരിക്കുന്നത്.

39 ലോകസഭ സീറ്റുകള്‍ ഉള്ള തമിഴകത്ത് അണ്ണാമലൈ എന്ന മുന്‍ ഐ.പി.എസുകാരനെ രംഗത്തിറക്കി ഇളക്കി മറിക്കുന്ന ബി.ജെ.പിയ്ക്ക് കെജ്രിവാളിന്റെ അറസ്റ്റ് വലിയ പ്രതിസന്ധിയാണ് ഉയര്‍ത്തുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ശക്തമായ കടന്നാക്രമണമാണ് ബി.ജെ.പിക്ക് എതിരെ ഡി.എം.കെ സഖ്യം നടത്തി വരുന്നത്. സോഷ്യല്‍ മീഡിയയിലെ വികാരവും അറസ്റ്റിന് എതിരാണ്.

തങ്ങള്‍ കഷ്ടപ്പെട്ടതൊക്കെ ഈ ഒരൊറ്റ അറസ്റ്റിന്റെ പേരില്‍ വെറുതെ ആയി പോകുമോ എന്നാണ് തമിഴ്നാട്ടിലെ ബി.ജെ.പി പ്രവര്‍ത്തകരും ഇപ്പോള്‍ ചിന്തിക്കുന്നത്. കേരളത്തിലും കെജ്രിവാളിന്റെ അറസ്റ്റ് വലിയ പ്രതിഷേധത്തിനാണ് വഴിവച്ചിരിക്കുന്നത്. ബി.ജെ.പി സ്വപ്നം കണ്ട രണ്ട് മണ്ഡലങ്ങളിലും കെജ്രിവാളിന്റെ അറസ്റ്റ് തന്നെയാണ് അവരെ ശരിക്കും പ്രതിരോധത്തിലാക്കിയിരിക്കുന്നത്.
അതാകട്ടെ ഒരു യാഥാര്‍ത്ഥ്യവുമാണ്.

EXPRESS KERALA VIEW

 

Top