പുതുവൈപ്പിനില്‍ അറസ്റ്റിലായവര്‍ക്കെതിരെ പോലീസിനെ ആക്രമിച്ചതിന് കേസ്

arrest

വൈപ്പിന്‍: പുതുവൈപ്പിനില്‍ ഐഒസി പ്ലാന്റിനെതിരേയുള്ള സമരത്തിനിടെ അറസ്റ്റിലായവര്‍ക്കെതിരെ രണ്ടു വകുപ്പുകള്‍ പ്രകാരം കേസെടുത്തതായി പോലീസ്.

ഐഒസി പ്ലാന്റിനുള്ളിലേക്കു അതിക്രമിച്ചു കയറാന്‍ ശ്രമിച്ചതിനു പോലീസിനെ ആക്രമിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്. സമര സമിതി നേതാക്കള്‍ ഉള്‍പ്പെടെ കണ്ടാലറിയാവുന്ന 300 പേര്‍ക്കെതിരേയാണു പ്ലാന്റിലേക്ക് അതിക്രമിച്ചു കയറിയ കുറ്റം ചുമത്തിയിരിക്കുന്നത്. ഞായറാഴ്ചത്തെ സംഭവത്തില്‍ മാത്രം പോലീസ് 130 പേരെയാണ് അറസ്റ്റ് ചെയ്തത്. ഇതില്‍ 70 പേര്‍ സ്ത്രീകളാണ്.

പ്ലാന്റിനെതിരായുള്ള സമരത്തില്‍ പങ്കെടുത്ത സ്ത്രീകളും കുട്ടികളും അടക്കമുള്ളവരെ ഡെപ്യൂട്ടി കമ്മിഷണര്‍ യതീഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ ക്രൂരമായി മര്‍ദിച്ചിരുന്നു. പോലീസിന്റെ മര്‍ദനത്തില്‍ ഏഴു കുട്ടികള്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ഒരാളുടെ കൈ ഒടിയുകയും ചെയ്തു.

സമരത്തെ തുടര്‍ന്ന് പുതുവൈപ്പിനില്‍ എല്‍പിജി ടെര്‍മിനലിലെ നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചിരുന്നു. ബുധനാഴ്ചത്തെ ചര്‍ച്ച വരെ നിര്‍മാണം നിര്‍ത്തിവയ്ക്കാനാണ് തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയനാണ് പുതുവൈപ്പില്‍ സമരക്കാരുമായി ചര്‍ച്ച നടത്തുന്നത്.

Top