വ്യാജരസീതും പ്രമാണങ്ങളും ഉപയോഗിച്ച് ജാമ്യം എടുത്തുകൊടുക്കുന്ന സംഘം അറസ്റ്റില്‍

arrest

തിരുവനന്തപുരം: കരം തീര്‍ത്ത വ്യാജരസീതും പ്രമാണങ്ങളും ഉപയോഗിച്ച് കോടതികളില്‍ നിന്ന് ജാമ്യം എടുത്തു കൊടുക്കുന്ന സംഘം തിരുവനന്തപുരത്ത് അറസ്റ്റില്‍.

സംസ്ഥാന വ്യാപകമായി തട്ടിപ്പ് നടത്തിയിരുന്ന സ്ത്രീകള്‍ ഉള്‍പ്പെടെ സംഘത്തിലെ ഏഴുപേരാണ് അറസ്റ്റിലായത്.

ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്നവര്‍ക്കും വാറണ്ട് കേസിലെ പ്രതികള്‍ക്കും ജാമ്യം ലഭിക്കുന്നതിനായി വ്യാജരേഖകള്‍ ഉണ്ടാക്കുക, അഭിഭാഷകര്‍ക്ക് കേസുകളില്‍ ജാമ്യക്കാരെ നല്‍കാന്‍ ഇടനില നില്‍ക്കുക, കോടതിയില്‍ വ്യാജരേഖകളുമായി ജാമ്യത്തിനായെത്തുക തുടങ്ങിയവയാണ് സംഘത്തിന്റെ പരിപാടികള്‍.

സംഘത്തിലെ അംഗമായ നെടുമങ്ങാട് സ്വദേശി സെയ്ദലിയുടെ വീട്ടില്‍ നിന്ന് നൂറോളം വ്യാജ കരം രസീതികളും വ്യാജ മുദ്രപത്രങ്ങളും അച്ചുകളും കമ്പ്യൂട്ടര്‍, പ്രിന്റര്‍ തുടങ്ങിയവയും പോലീസ് പിടിച്ചെടുത്തു.

അഭിഭാഷകരുടെയും ഗുമസ്തന്‍മാരുടെയും സഹായമില്ലാതെ ഇവര്‍ക്ക് ഇത്തരം തട്ടിപ്പ് നടത്താനാവില്ലെന്നാണ് പൊലീസ് കരുതുന്നത്, തട്ടിപ്പില്‍ അഭിഭാഷകരുടെ പങ്കും സംശയിക്കുന്നുണ്ട്.

കൂട്ടുപ്രതികളെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചു. കൂടുതല്‍ അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.

Top