Arrested JNU Student Kanhaiya Kumar, Others Hit

ന്യൂഡല്‍ഹി: പട്യാല കോടതി വളപ്പിലും കോടതി മുറിക്കുള്ളിലും നടന്നത് ഭീകരതയെന്ന് സുപ്രീംകോടതി നിയോഗിച്ച അഞ്ചംഗ അഭിഭാഷക കമ്മീഷന്‍. കോടതി മുറിക്കുള്ളില്‍ വച്ച് പോലും കനയ്യ കുമാര്‍ ആക്രമിക്കപ്പെട്ടു. അഭിഭാഷക കമ്മീഷന് നേരെ പോലും കല്ലേറ് ഉണ്ടായി. സംഭവങ്ങള്‍ കണ്ട് ഞെട്ടി എന്നും കമ്മീഷന്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

പട്യാല ഹൗസ് കോടതിയിലെത്തിയ കമ്മീഷന്‍ അംഗങ്ങള്‍ക്കെതിരെ മുദ്രാവാക്യം വിളികള്‍ നടന്നു. കമ്മീഷനില്‍ അംഗമായ കപില്‍ സിബലിനെതിരെയാണ് അഭിഭാഷകരുടെ എതിര്‍പ്പ് കൂടുതലുണ്ടായത്. അഞ്ച് പേരെയും ഏറെ പണിപ്പെട്ടാണ് പോലീസ് കോടതിക്ക് പുറത്തെത്തിച്ചത്. കനയ്യകുമാറിന്റെ ജീവന്‍ അപകടത്തിലാണെന്ന് കമ്മീഷന്‍ സുപ്രീംകോടതിയെ അറിയിച്ചു.

തങ്ങളുടെ ജീവനും അപകടത്തിലാകുമായിരുന്നുവെന്ന് കമ്മീഷന്‍ അംഗങ്ങള്‍ പറഞ്ഞു. കോടതിയിലേക്ക് കൊണ്ടുവരുംവഴി കനയ്യകുമാറിന് മര്‍ദനമേറ്റു. പോലീസ് നിഷ്‌ക്രിയരായിരുന്നു.
ഭീകരാവസ്ഥയായിരുന്നു അവിടെ. ഞെട്ടിക്കുന്ന സംഭവങ്ങളാണ് നടന്നത്. ചെറിയ കല്ലുകള്‍ ഞങ്ങള്‍ക്ക് നേരയും എറിഞ്ഞു. അസഭ്യം പറയുകയും പാകിസ്താന്‍ അനുകൂലികളാണെന്ന് ആക്ഷേപിക്കുകയും ചെയ്തതായി കമ്മീഷന്‍ അംഗമായ മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാന്‍ സുപ്രീംകോടതിയെ ധരിപ്പിച്ചു.

Top