സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായവരില്‍ കൈവെട്ട് കേസ് പ്രതിയും; തീവ്രവാദ ബന്ധം സംശയം

ന്യൂഡല്‍ഹി: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎ അറസ്റ്റ് ചെയ്തവരില്‍ അധ്യാപകന്റെ കൈവെട്ടിയ കേസിലെ പ്രതിയും. തൊടുപുഴ ന്യൂമാന്‍ കോളേജിലെ അധ്യാപകനായ ടി.ജെ.ജോസഫിന്റെ കൈവെട്ടിയ കേസിലെ പ്രതി ചേര്‍ത്ത മൂവാറ്റുപുഴ സ്വദേശി മുഹമ്മദ് അലിയാണ് സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായവരില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.

അറസ്റ്റിലായവരില്‍ ചിലര്‍ക്ക് തീവ്രവാദ ബന്ധം സംശയിക്കുന്നുണ്ടെന്നും പലരും പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തകരാണെന്നും എന്‍ഐഎ വ്യക്തമാക്കുന്നു. സ്വര്‍ണക്കടത്ത് കേസ് അന്വേഷണത്തിന്റെ ഭാഗമായി ആറ് സ്ഥലങ്ങളില്‍ പരിശോധന നടത്തുകയും ആറ് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തുവെന്നും കേസില്‍ ഇതുവരെ പത്ത് പേര്‍ കസ്റ്റഡിയിലുണ്ടെന്നും എന്‍ഐഎ അറിയിക്കുന്നു. എറണാകുളം മൂവാറ്റുപുഴ സ്വദേശിയായ ജലാല്‍, മലപ്പുറം വേങ്ങര സ്വദേശി സയ്യീദ് അലവി എന്നിവരെ ജൂലൈ മുപ്പതിന് പിടികൂടിയതായി എന്‍ഐഎ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

സ്വര്‍ണക്കടത്ത് കേസിന്റെ മുഖ്യആസൂത്രകനായ കെടി റമീസുമായി ചേര്‍ന്ന് നയതന്ത്രചാനല്‍ വഴി സ്വര്‍ണം കടത്തിയവരാണ് ഇരുവരും. കേസില്‍ ജൂലൈ 31-ന് മറ്റു രണ്ട് പേരെ കൂടി എന്‍ഐഎ പിടികൂടി. മലപ്പുറം ഐക്കരപ്പടി സ്വദേശി മുഹമ്മദ് ഷാഫി, മലപ്പുറം കോട്ടക്കല്‍ സ്വദേശിയായ അബ്ദു പി.ടി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ആഗസ്റ്റ് ഒന്നിന് മൂവാറ്റുപുഴ സ്വദേശികളായ മുഹമ്മദ് അലി ഇബ്രാഹിം, മുഹമ്മദ് അലി എന്നിവരേയും എന്‍ഐഎ പിടികൂടി. സ്വര്‍ണക്കടത്തിനായി കെടി റമീസിനേയും ജലാലിനേയും സഹായിച്ചുവെന്ന് വ്യക്തമായതോടെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

Top