ദേവീന്ദര്‍ സിംഗിനെതിരെ കൂടുതല്‍ തെളിവുകള്‍; ഭീകരരെ സഹായിക്കാന്‍ എഴുതിയ കത്ത് കണ്ടെത്തി

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ ഭീകരവാദികള്‍ക്കൊപ്പം അറസ്റ്റിലായ ഡിഎസ്പി ദേവീന്ദര്‍ സിംഗിനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. 2005ല്‍ നാല് ഭീകരരെ സഹായിക്കുന്നതിനുവേണ്ടി എഴുതിയ കത്ത് ഇന്റലിജന്‍സ് ബ്യൂറോ കണ്ടെത്തി. കശ്മീരില്‍ നിന്ന് ഡല്‍ഹിയിലേക്ക് നാല് ഭീകരര്‍ക്കും സുരക്ഷിതമായി യാത്രചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കണമെന്ന് നിര്‍ദ്ദേശിച്ചുകൊണ്ട് എഴുതിയ കത്താണ് കണ്ടെത്തിയിട്ടുള്ളത്. 2005 ജൂലായ് ഒന്നിന് ഗുരുഗ്രാം – ഡല്‍ഹി അതിര്‍ത്തിയില്‍നിന്ന് ഡല്‍ഹി പോലീസ് അറസ്റ്റുചെയ്ത നാല് ഭീകരര്‍ക്കുവേണ്ടി ദേവീന്ദര്‍ സിങ് എഴുതിയ കത്താണ് കണ്ടെത്തിയിട്ടുള്ളത്.

മിലിട്ടറി ഇന്റലിജന്‍സ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ ഏറ്റുമുട്ടലിനൊടുവിലാണ് സക്വീബ് റഹ്മാനെന്ന മസൂദ്, ഹസി ഗുലാം മൊയ്നുദീന്‍ ദര്‍ എന്നീ രണ്ടുപേര്‍ അടക്കമുള്ള ഭീകരര്‍ പിടിയിലായത്. ആയുധങ്ങളും വെടിക്കോപ്പുകളും 50000 രൂപയുടെ കള്ളനോട്ടും അവരില്‍നിന്ന് പിടിച്ചെടുത്തിരുന്നു.

പുല്‍വാമ സ്വദേശിയായ ദറിന് പിസ്റ്റളും വയര്‍ലെസ് സെറ്റും കൈവശംവെക്കാന്‍ അനുമതി നല്‍കുന്ന കത്താണ് അന്ന് ജമ്മു കശ്മീരിലെ ഡിഐഡി ഡെപ്യൂട്ടി എസ്.പി ആയിരുന്ന ദേവീന്ദര്‍ സിങ് നല്‍കിയത്. പരിശോധനകളൊന്നും നടത്താതെ ഇയാള്‍ക്ക് സുരക്ഷിത യാത്രയ്ക്കുള്ള സൗകര്യം ഒരുക്കണമെന്നും സിങ്ങിന്റെ ഔദ്യോഗിക ലെറ്റര്‍പാഡില്‍ എഴുതിയ കത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചിരുന്നു.

ഈ ഭീകരരുടെ താമസ സ്ഥലത്ത് പോലീസ് നടത്തിയ പരിശോധനയില്‍ ഗ്രനേഡ് ലോഞ്ചറുകളും ഗ്രനേഡുകളും വയര്‍ലെസ് സെറ്റും എ.കെ 47 തോക്കും വെടിയുണ്ടകളും അടക്കമുള്ളവ കണ്ടെത്തിയിരുന്നു. ഭീകരര്‍ക്ക് സുരക്ഷിത യാത്രയൊരുക്കണമെന്ന് നിര്‍ദ്ദേശിക്കുന്ന കത്ത് താന്‍ നല്‍കിയിട്ടുണ്ടെന്ന് ദേവീന്ദര്‍ സിങ് ഡല്‍ഹി പോലീസിനെയും അറിയിച്ചിരുന്നുവെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുള്ളത്.

തെക്കന്‍ കശ്മീരിലെ കുല്‍ഗാം ജില്ലയിലെ മിര്‍ ബസാറില്‍ നിന്നും കഴിഞ്ഞ ശനിയാഴ്ചയാണ് ദേവീന്ദര്‍ സിംഗിനേയും രണ്ട് ജെയ്ഷെ മുഹമ്മദ് ഭീകരരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരരായ നവീദ് ബാവ, അല്‍ത്താഫ് എന്നിവര്‍ക്കൊപ്പം സഞ്ചരിക്കവെയാണ് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പിടിയിലായത്.

ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞുനിര്‍ത്തി പോലീസ് നടത്തിയ പരിശോധനയിലാണ് കൂടെയുള്ള ഭീകരരെ തിരിച്ചറിഞ്ഞത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തില്‍ നിന്ന് അഞ്ച് ഗ്രനേഡുകളും പിന്നീട് ദേവേന്ദ്ര സിങ്ങിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ രണ്ട് എകെ -47 റൈഫിളുകള്‍ പോലീസ് കണ്ടെടുത്തിരുന്നു.

അന്വേഷണ വിധേയമായി ദേവീന്ദര്‍ സിങ്ങിനെ കഴിഞ്ഞ ദിവസം സസ്പെന്‍ഡ് ചെയ്തിരുന്നു. ഡിഎസ്പി റാങ്കിലുള്ള ദേവീന്ദര്‍ സിംഗിന്റെ സ്ഥാനക്കയറ്റത്തിനായുള്ള നടപടികള്‍ മരവിപ്പിച്ചതായി പൊലീസ് നേരത്തെ അറിയിച്ചിരുന്നു.

ഡിഎസ്പിക്കൊപ്പം സഞ്ചരിച്ച തീവ്രവാദികള്‍ റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ ആക്രമണം ആസൂത്രണം ചെയ്തിരുന്നതായി ഇന്റലിജന്‍സ് വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തീവ്രവാദികളെ ഡല്‍ഹിയില്‍ എത്തിക്കുന്നതിന് 12 ലക്ഷം രൂപ കൈപ്പറ്റിയതായി ചോദ്യം ചെയ്യലില്‍ ദേവീന്ദര്‍ സിംഗ് സമ്മതിച്ചതായും ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു.

Top