തൃശൂരിൽ പെട്രോൾ പമ്പുടമയെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് പേർ കസ്റ്റഡിയിൽ

തൃശൂര്‍ : വഴിയമ്പലത്തെ മൂന്നുപീടിക ഫ്യുവല്‍സ് ഉടമ കോഴിപറമ്പില്‍ മനോഹരനെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പേര്‍ കസ്റ്റഡിയില്‍. കയ്പമംഗലം സ്വദേശികളാണ് കസ്റ്റഡിയിലുള്ളത്. പെട്രോള്‍ പമ്പിലെ ഓരോ ദിവസത്തെയും കളക്ഷന്‍ രാത്രി മനോഹരന്‍ വീട്ടില്‍ കൊണ്ടുപോകുമെന്ന വിശ്വാസത്തിലാണ് തട്ടിക്കൊണ്ടു പോകല്‍ അക്രമികള്‍ ആസൂത്രണം ചെയ്തതെന്നാണ് പോലീസിന്റെ നിഗമനം.

പണം ഇല്ലെന്നു കണ്ടപ്പോള്‍ കാറുമായി കടന്നു കളയാന്‍ അക്രമി സംഘം തീരുമാനിച്ചു. ഇത് ചെറുത്തപ്പോഴാണ് മനോഹരനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതെന്നും പോലീസ് സംശയിക്കുന്നു.

അതേസമയം മനോഹരനെ കൊലപ്പെടുത്തിയത് ശ്വാസംമുട്ടിച്ചാണെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. ബലപ്രയോഗം നടന്നതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. മനോഹരന്റെ കാര്‍ മലപ്പുറം അങ്ങാടിപ്പുറത്തു നിന്നു അന്വേഷണ സംഘം കണ്ടെത്തി.

വാഹനത്തില്‍ വെച്ച് ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങള്‍ ഉണ്ട്. ശരീരത്തില്‍ മുറിപ്പാടുകളും കണ്ടെത്തിയിട്ടുണ്ട്. ഗുരുവായൂരിനടുത്ത് വഴിയരികില്‍ മരിച്ച നിലയിലാണ് കയ്പമംഗലം സ്വദേശി കോഴി പറമ്പില്‍ മനോഹരന്റെ മൃതദേഹം കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം രാത്രിയാണ് മനോഹരന്‍ പമ്പില്‍ നിന്ന് പുറപ്പെട്ടത്. ഇടയില്‍ മനോഹരനെ മകള്‍ ഫോണില്‍ വിളിച്ചിരുന്നു. എന്നാല്‍ ഫോണ്‍ എടുത്തയാള്‍ അച്ഛന്‍ ഉറങ്ങുകയാണെന്ന് പറഞ്ഞ് ഫോണ്‍ പൊടുന്നനെ വെച്ചു. ഇതിനെത്തുടര്‍ന്ന് കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നു.

രാത്രി പമ്പില്‍ നിന്ന് മനോഹരന്‍ സ്വന്തം കാറില്‍ കയറിപ്പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. ഇരിങ്ങാലക്കുട ഡിവൈഎസ്പി ഫേമസ് വര്ഗീസിനാണ് അന്വേഷണ ചുമതല.

Top