arrest-phone trapping issue

തിരുവനന്തപുരം: മുന്‍ മന്ത്രി എ.കെ. ശശീന്ദ്രന്‍ രാജിവെക്കാനിടയായ ഫോണ്‍ വിളി വിവാദ കേസില്‍ സ്വകാര്യ ടെലിവിഷന്‍ ചാനലിന്റെ മേധാവി ഉള്‍പ്പെടെ അഞ്ചു പേര്‍ അറസ്റ്റില്‍.

ചാനലിലെ മാധ്യമപ്രവര്‍ത്തകരാണ് അറസ്റ്റിലായവര്‍. കേസില്‍ ഇന്ന് ചോദ്യം ചെയ്യലിനു ഹാജരായ ഒമ്പതു പ്രതികളില്‍ നാലു പേരെ വിട്ടയച്ചിരുന്നു.

ചാനലിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച് രാജിവെച്ച മാധ്യമപ്രവര്‍ത്തക അല്‍നീമ അഷ്‌റഫിന്റെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു.

12 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ് അറസ്റ്റ്. അറസ്റ്റിലായവരെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും.

പ്രതികള്‍ക്കെതിരെ ക്രിമിനല്‍ ഗൂഢാലോചന, ഐടി ആക്ട് തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കേസില്‍ തെളിവെടുക്കുന്നതിന്റെ ഭാഗമായി അന്വേഷണ സംഘം ചാനലിന്റെ ഓഫീസില്‍ പരിശോധന നടത്തി രജിസ്‌ട്രേഷന്‍ രേഖകളും വാര്‍ത്ത സംപ്രേക്ഷണം ചെയ്തതിന്റെ ഹാര്‍ഡ് ഡിസ്‌കുകളും പിടിച്ചെടുത്തിരുന്നു.

ശശീന്ദ്രനെ ഫോണില്‍ വിളിച്ച മാധ്യമപ്രവര്‍ത്തകയും ചാനലിന്റെ ചെയര്‍മാനും കീഴടങ്ങിയിട്ടില്ല. അതേസമയം തന്റെ ലാപ്‌ടോപ്പും മൊബൈല്‍ഫോണും കാണാനില്ലെന്ന് കാട്ടി ചാനല്‍ മേധാവി പരാതി നല്‍കിയിട്ടുണ്ട്. മ്യൂസിയം പോലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയിട്ടുള്ളത്.

Top