കൊച്ചാർ ദമ്പതികളുടെ അറസ്റ്റ് സിബിഐയുടെ അധികാര ദുർവിനിയോഗമെന്ന് ബോംബൈ ഹൈക്കോടതി

വായ്പാ ക്രമക്കേട് കേസിൽ ഐസിഐസിഐ ബാങ്ക് മുൻ സിഇഒ ചന്ദാ കൊച്ചാറിനെയും ഭർത്താവ് ദീപക് കൊച്ചാറിനെയും അറസ്റ്റ് ചെയ്ത സിബിഐ നടപടി അധികാര ദുർവിനിയോഗമാണെന്ന് ബോംബൈ ഹൈക്കോടതി. ഇരുവർക്കുമെതിരെയുള്ള വായ്പ തട്ടിപ്പ് കേസ് സെൻട്രൽ ബ്യുറോ ഓഫ് ഇൻവെസ്റ്റിഗേഷൻ കൈകാര്യം ചെയ്ത രീതിക്കെതിരെ രൂക്ഷ വിമർശനങ്ങളാണ് കോടതി ഉയർത്തിയത്. കാര്യങ്ങൾ വിശദമായി പരിഗണിക്കാതെയും നിയമം കണക്കിലെടുക്കാതെയും ചെയ്ത പ്രവൃത്തിയാണ് അറസ്റ്റെന്നു കോടതി വിലയിരുത്ദതി. ദമ്പതികൾക്ക് ഡിവിഷൻ ബെഞ്ച് അനുവദിച്ച ഇടക്കാല ജാമ്യം ശരിവച്ച ഉത്തരവിലാണ് കോടതി ഈ നിരീക്ഷണം നടത്തിയത്.

വീഡിയോകോൺ-ഐസിഐസിഐ ബാങ്ക് വായ്പ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് 2022 ഡിസംബർ 23നാണ് ഐസിഐസിഐ ബാങ്കിൻ്റെ മുൻ മാനേജിങ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായിരുന്ന ചന്ദയെയും ഭർത്താവ് ദീപക് കൊച്ചാറിനെയും സിബിഐ അറസ്റ്റ് ചെയ്തത്. എന്നാൽ “അറസ്റ്റിനുള്ള സാഹചര്യമോ അറസ്റ്റിന് കാരണമായ എന്തെങ്കിലും തെളിവുകളോ ഉണ്ടെന്ന് സ്ഥാപിക്കുന്നതിൽ സിബിഐ പരാജയപ്പെട്ടു. സെക്ഷൻ 41A (3) CrPC യുടെ ഉപാധികളെ അറസ്റ്റ് നടപടി തൃപ്തിപ്പെടുത്തുന്നില്ല, ” കോടതിയുടെ ഉത്തരവിൽ പറയുന്നു. ഈ സാഹചര്യത്തിലാണ് അറസ്റ്റ് നിയമവിരുദ്ധമാണെന്ന് കോടതി ചൂണ്ടിക്കാട്ടിയത്.

Top