ഭീമാകൊറേഗാവ്; മാവോയിസ്റ്റുകളുടെ വീട്ടുതടങ്കല്‍ 12 വരെ നീട്ടാന്‍ ഉത്തരവിട്ട് സുപ്രീംകോടതി

ന്യൂദല്‍ഹി: ഭീമാകൊറേഗാവ് കലാപത്തില്‍ അറസ്റ്റിലായ അഞ്ച് മാവോയിസ്റ്റുകളുടെ വീട്ടുതടങ്കല്‍ ഈ മാസം 12 വരെ നീട്ടാന്‍ സുപ്രീംകോടതി ഉത്തരവിട്ടു.

കേസില്‍ കൂടുതല്‍ വാദം കേള്‍ക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് കോടതി 12 വരെ വീട്ടുതടങ്കല്‍ നീട്ടിയത്. സുധ ഭരദ്വാജ്, ഗൗതം നവ്‌ലഖ, അരുണ്‍ ഫെരാരിയ, വെര്‍നണ്‍ ഗോണ്‍സാല്‍വസ്, പി. വരവര റാവു എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആഗസ്റ്റ് 28ന് അറസ്റ്റ് ചെയ്ത ഇവരെ സപ്തംബര്‍ ആറുവരെ വീട്ടുതടങ്കലില്‍ വയ്ക്കാനായിരുന്നു കോടതി ഉത്തരവിട്ടിരുന്നത്. എന്നാല്‍ ഇവരെ ഇനിയും വീട്ടുതടങ്കലില്‍ വയ്ക്കുന്നത് തെളിവുകള്‍ നശിപ്പിക്കുന്നതിന് ഇടയാക്കുമെന്നും അറസ്റ്റിലായ അഞ്ചു പേരെയും കസ്റ്റഡി അന്വേഷണത്തിന് വിട്ടു നല്‍കണമെന്നും ആവശ്യപ്പെട്ട് മഹാരാഷ്ട്ര സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.

മാവോയിസ്റ്റുകളെ അറസ്റ്റു ചെയ്തതിനെ ചോദ്യം ചെയ്ത് റോമില ഥാപ്പര്‍ ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ ഹര്‍ജിയിലാണ് മഹാരാഷ്ട്ര പൊലീസ് സത്യവാങ്മൂലം നല്‍കിയത്.

Top