arrest-cannabis sale in school and colleges

തിരുവനന്തപുരം: തലസ്ഥാനത്തെ സ്‌കൂളുകളിലും കോളേജുകളിലും വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവെത്തിച്ചു നല്‍കുന്ന പേരൂര്‍ക്കട സ്വദേശി അഭിലാഷ് (അപ്പു21) പൊലീസിന്റെ പിടിയില്‍.

കാഞ്ഞിരംപാറയില്‍ നിന്ന് രണ്ട് കിലോ കഞ്ചാവുമായാണ് ഇയാളെ ഷാഡോ പൊലീസ് അറസ്റ്റ് ചെയ്തത്. തമിഴ്‌നാട്ടിലെ കമ്പം, തേനി, ഉസ്‌ലംപെട്ടി എന്നിവിടങ്ങളില്‍ നിന്ന് ട്രെയിനിലും ബസിലുമായി തിരുവനന്തപുരത്ത് കഞ്ചാവെത്തിച്ച് 500, 1000 രൂപയുടെ ചെറിയ പൊതികളാക്കിയായിരുന്നു വ്യാപാരം.

ചില്ലറ വില്‍പ്പനക്കാര്‍ക്കും കഞ്ചാവ് നല്‍കുന്നത് ഇയാളാണെന്ന് പൊലീസ് പറഞ്ഞു. സ്ഥിരമായി കഞ്ചാവ് ഉപയോഗിക്കുന്ന വിദ്യാര്‍ത്ഥികളുടെ വിവരങ്ങളും പൊലീസിന് കിട്ടിയിട്ടുണ്ട്.

തലസ്ഥാനത്തെ ലഹരി മാഫിയയുടെ പ്രധാന കണ്ണിയായ അഭിലാഷില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ പരിശോധന നടത്തുമെന്ന് കമ്മിഷണര്‍ ജി.സ്പര്‍ജ്ജന്‍കുമാര്‍ അറിയിച്ചു.

ഡി.സി.പി ശിവവിക്രമിന്റെ നിര്‍ദ്ദേശപ്രകാരം അസി.കമ്മിഷണര്‍ വി.സുരേഷ് കുമാര്‍, പേരൂര്‍ക്കട സി.ഐ സുരേഷ് ബാബു, വട്ടിയൂര്‍കാവ് എസ്.ഐ മുരളീകൃഷ്ണന്‍, എസ്.ഐ ജോണ്‍, ഷാഡോ എസ്.ഐ സുനില്‍ലാല്‍, സിറ്രി ഷാഡോ ടീം എന്നിവരാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നല്‍കിയത്.

Top