arrest – 28 indian fish workers

രാമേശ്വരം: തമിഴ്‌നാട്ടില്‍ നിന്നുള്ള 28 മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തു. പുതുകോട്ട, രാമേശ്വരത്തെ പാമ്പന്‍, തൂത്തുക്കുടി എന്നിവിടങ്ങളില്‍ നിന്നുള്ളവരെയാണ് സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്തത്. ഇവരെ കങ്കസാന്തുറയിലെ നാവികസേന താവളത്തിലേയ്ക്ക് കൊണ്ടുപോയതായി തമിഴ്‌നാട് ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റ് അസിസ്റ്റന്റ് ഡയറക്ടര്‍ ഗോപിനാഥ് വ്യക്തമാക്കി.

ഇവരുടെ മൂന്ന് ബോട്ടുകള്‍ ശ്രീലങ്കന്‍ നേവി പിടിച്ചെടുത്തു. ഈ മാസം ഇത് നാലാം തവണയാണ് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്ക അറസ്റ്റ് ചെയ്തത്. മാര്‍ച്ച് 3, 6, 10 തീയതികളിലായി വിവിധ മേഖലകളില്‍ നിന്ന് 41 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്ക അറസ്റ്റ് ചെയ്തിരുന്നു.

മത്സ്യത്തൊഴിലാളി പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിയ്ക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് നിരന്തരം കത്തയയ്ക്കുന്നുണ്ട്. മത്സ്യത്തൊഴിലാളികളും മോചനത്തിനും ബോട്ടുകള്‍ തിരിച്ച് ലഭിയ്ക്കുന്നതിനുമായി ഇടപെടണമെന്ന് ജയലളിത ആവശ്യപ്പെട്ടു.

Top