കോടികളുടെ കുടിശ്ശിക; കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഹൃദയ ശസ്ത്രക്രിയ പ്രതിസന്ധിയിലേക്ക്

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഹൃദയ ശസ്ത്രക്രിയ പ്രതിസന്ധിയിലേക്ക്. കോടികളുടെ കുടിശ്ശിക തീര്‍ക്കാത്തതിനാല്‍ സ്റ്റെന്റ് നല്‍കുന്നത് നിര്‍ത്തിവയ്ക്കാന്‍ വിതരണക്കാര്‍ തീരുമാനിക്കുകയായിരുന്നു. മാര്‍ച്ച് 31നകം കുടിശ്ശിക തീര്‍ത്തില്ലെങ്കില്‍ വിതരണം നിര്‍ത്തിവെക്കുമെന്നാണ് മുന്നറിയിപ്പ്.

കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് സ്റ്റെന്റ് നല്‍കുന്ന വിതരണക്കാരുടെ സംഘടന കഴിഞ്ഞ ദിവസമാണ് മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന് ഇക്കാര്യം അറിയിച്ച് കത്ത് നല്‍കിയത്. 30 കോടിയാണ് കുടിശ്ശിക ഇനത്തില്‍ വിതരണക്കാര്‍ക്ക് നല്‍കാനുള്ളത്. അത് മാര്‍ച്ച് 31 നകം തീര്‍ത്തില്ലെങ്കില്‍ വിതരണം നിര്‍ത്തുകയല്ലാതെ മറ്റ് വഴിയില്ലെന്നാണ് വിതരണക്കാര്‍ പറയുന്നത്.

കാരുണ്യ ബെനവലന്റ് ഫണ്ട് വഴിയും സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയിലൂടെയും സ്റ്റെന്റ് വിതരണം ചെയ്തിലാണ് പണം നല്‍കാനുള്ളത്. ട്രൈബല്‍ ഫണ്ട് വഴി സ്റ്റെന്റ് നല്‍കിതില്‍ 2014 മുതലുള്ള കുടിശ്ശിക ബാക്കിയുണ്ട്. 2019 ല്‍ സമാനപ്രതിസന്ധിയെ തുടര്‍ന്ന് വിതരണം നിര്‍ത്തിവെച്ചിരുന്നു. ആശുപത്രികളില്‍ ശസ്ത്രക്രിയകള്‍ നിര്‍ത്തി വെക്കുന്ന സ്ഥിതിയിലേക്കെത്തിയതിന് പിന്നാലെ ആരോഗ്യവകുപ്പ് ഇടപെട്ട് കുടിശ്ശിക തീര്‍ക്കുകയായിരുന്നു.

Top