പണത്തെക്കുറിച്ച് അറിയില്ലായിരുന്നുവെന്ന് അര്‍പിത

ഡൽഹി: തന്റെ രണ്ട് ഫ്ലാറ്റുകളിൽ ഇത്രയധികം പണവും മറ്റ് മൂല്യമുള്ള വസ്തുക്കളും ഒളിപ്പിച്ചുവെച്ചതിനെ കുറിച്ച് അറിയിലായിരുന്നെന്നും പൂട്ടിയിട്ട മുറികളില്‍ പ്രവേശിക്കാന്‍ പാര്‍ഥാ ചാറ്റര്‍ജി തന്നെ അനുവദിച്ചിരുന്നില്ലെന്നും അര്‍പിത മുഖര്‍ജി. പശ്ചിമ ബംഗാളിലെ അധ്യാപക നിയമന കുംഭകോണ കേസില്‍ അറസ്റ്റിലായ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മുന്‍വിദ്യാഭ്യാസമന്ത്രിയുമായ പാര്‍ഥാ ചാറ്റര്‍ജിയുടെ അനുയായിയാണ് അര്‍പിത. കേസില്‍ അറസ്റ്റിലായ അര്‍പിതയുടെ ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്.

വ്യാഴാഴ്ചത്തെ ചോദ്യം ചെയ്യലിനിടെയാണ് അര്‍പിത ഇക്കാര്യങ്ങള്‍ പറഞ്ഞതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അര്‍പിതയുടെ ഫ്‌ളാറ്റുകളിലൊന്നില്‍ ബുധനാഴ്ച ഇ.ഡി. നടത്തിയ റെയ്ഡില്‍ 27.9 കോടി രൂപയാണ് പിടിച്ചെടുത്തത്. ഏകദേശം 13 മണിക്കൂറുകൊണ്ടാണ് ഈ പണം എണ്ണിത്തിട്ടപ്പെടുത്തിയത്.

ബേല്‍ഘോരിയയിലെ ക്ലബ് ടൗണ്‍ ഹൈറ്റ്‌സില്‍ സ്ഥിതി ചെയ്യുന്ന അര്‍പിതയുടെ മറ്റൊരു ഫ്‌ളാറ്റിലെ കിടപ്പുമുറിയില്‍നിന്നും അതോടുചേര്‍ന്ന ശുചിമുറിയില്‍നിന്നുമായി 4.3 കോടി വിലമതിക്കുന്ന ആഭരണങ്ങള്‍ ഇ.ഡി. പിടിച്ചെടുത്തിട്ടുണ്ട്. നേരത്തെ അര്‍പിതയുടെ ടോളിഗഞ്ചിലെ ഫ്‌ളാറ്റില്‍നിന്ന് 21.9 കോടിരൂപയും 54 ലക്ഷത്തിന്റെ വിദേശ കറന്‍സിയും 74 ലക്ഷത്തിന്റെ സ്വര്‍ണവും ഇ.ഡി. പിടികൂടിയിരുന്നു.

രണ്ടു ഫ്‌ളാറ്റുകളിലും പാര്‍ഥ വരാറുള്ളപ്പോഴെല്ലാം തനിച്ചായിരുന്നു പൂട്ടിയിട്ട മുറികളില്‍ കയറിയിരുന്നത്- ചോദ്യംചെയ്ത ഉദ്യോഗസ്ഥരോട് അര്‍പിത പറഞ്ഞു. സ്വത്തുക്കളെ കുറിച്ച് വെളിപ്പെടുത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ പലതവണ അര്‍പിത പൊട്ടിക്കരഞ്ഞെന്നും നിരപരാധിയാണെന്ന് ആവര്‍ത്തിച്ചെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.

Top