പിടിച്ചെടുത്ത 50 കോടിയുടെ ഉടമസ്ഥാവകാശം നിഷേധിച്ച് അർപ്പിതയും പാര്‍ഥയും

ഡൽഹി: ഫ്ളാറ്റുകളില്‍നിന്ന് പിടിച്ചെടുത്ത കോടിക്കണക്കിന് രൂപ തന്റേതല്ലെന്ന് നടി അര്‍പ്പിത മുഖര്‍ജി. അധ്യാപക നിയമന കുംഭകോണത്തില്‍ ഇ.ഡി.യുടെ ചോദ്യംചെയ്യലിനിടെയാണ് അര്‍പ്പിത മുഖര്‍ജി പണം തന്റേതല്ലെന്ന് മൊഴി നല്‍കിയത്. അര്‍പ്പിതയുടെ ഫ്ളാറ്റുകളില്‍നിന്ന് 50 കോടിയോളം രൂപയാണ് ഇ.ഡി. ദിവസങ്ങള്‍ക്ക് മുമ്പ് പിടിച്ചെടുത്തത്.

അര്‍പ്പിതയുടെ ടോളിഗഞ്ച്, ബെല്‍ഘാരിയ എന്നിവിടങ്ങളിലെ ഫ്ളാറ്റുകളില്‍നിന്നാണ് പണം പിടികൂടിയിരുന്നത്. എന്നാല്‍ താന്‍ ഇല്ലാത്ത സമയത്താണ് പണം ഫ്‌ളാറ്റുകളില്‍ എത്തിച്ചിരുന്നതെന്നും പണം സൂക്ഷിച്ചത് സംബന്ധിച്ച് തനിക്കൊന്നും അറിയില്ലെന്നുമായിരുന്നു അര്‍പ്പിതയുടെ മൊഴി. ഇ.ഡി. കസ്റ്റഡിയില്‍ അര്‍പ്പിതയുടെ ചോദ്യംചെയ്യല്‍ തുടരുകയാണ്.

കേസിലെ മറ്റൊരു പ്രതിയായ മുന്‍ മന്ത്രി പാര്‍ഥ ചാറ്റര്‍ജിയും പണത്തിന്റെ ഉടമസ്ഥാവകാശം നിഷേധിച്ചിട്ടുണ്ട്. അര്‍പ്പിതയുടെ ഫ്‌ളാറ്റുകളില്‍നിന്ന് പിടിച്ചെടുത്ത പണം തന്റേതല്ലെന്നായിരുന്നു പാര്‍ഥയുടെ മൊഴി.

അതേസമയം, പാര്‍ഥ ചാറ്റര്‍ജി ചോദ്യംചെയ്യലുമായി സഹകരിക്കുന്നില്ലെന്നാണ് ഇ.ഡി. ഉദ്യോഗസ്ഥരുടെ പ്രതികരണം. ചോദ്യങ്ങളില്‍നിന്ന് ഇദ്ദേഹം ഒഴിഞ്ഞുമാറുകയാണ്. അതിനാല്‍ ഫ്‌ളാറ്റുകളില്‍ പണം എത്തിച്ചവരെ കണ്ടെത്താന്‍ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിക്കാനാണ് ഇ.ഡി.യുടെ നീക്കം. അതിനിടെ, പാര്‍ഥ ചാറ്റര്‍ജിയുടെ ചില ‘ഫണ്ട് ഏജന്റു’മാരെക്കുറിച്ച് ഇ.ഡിക്ക് സൂചന ലഭിച്ചിട്ടുണ്ട്. കൊല്‍ക്കത്ത നഗരത്തിലും മറ്റുജില്ലകളിലും പ്രവര്‍ത്തിക്കുന്നവരാണ് ഇവര്‍. പാര്‍ഥ ചാറ്റര്‍ജിക്ക് വേണ്ടി ആളുകളില്‍നിന്ന് പണം വാങ്ങിയ ശേഷം, അദ്ദേഹം പറയുന്ന സ്ഥലങ്ങളില്‍ ഇത് എത്തിച്ചുനല്‍കുകയായിരുന്നു ഏജന്റുമാരുടെ ചുമതല. ഇവരെ കേന്ദ്രീകരിച്ചും ഇ.ഡി.യുടെ അന്വേഷണം തുടരുകയാണ്.

കഴിഞ്ഞമാസമാണ് പശ്ചിമബംഗാളിലെ അധ്യാപക നിയമന കുംഭകോണവുമായി പാര്‍ഥ ചാറ്റര്‍ജിയെയും സുഹൃത്തായ അര്‍പ്പിത മുഖര്‍ജിയെയും ഇ.ഡി. അറസ്റ്റ് ചെയ്തത്. ഇ.ഡി. നടത്തിയ റെയ്ഡില്‍ അര്‍പ്പിതയുടെ ഫ്‌ളാറ്റില്‍ 50 കോടിയോളം രൂപയുടെ നോട്ടുകെട്ടുകളും പിടിച്ചെടുത്തിരുന്നു.

Top