കണ്ണൂർ പഴയങ്ങാടി രാമപുരത്ത് ഏഴായിരം ലിറ്ററോളം സ്പിരിറ്റ് പിടികൂടി

കണ്ണൂർ: കണ്ണൂർ പഴയങ്ങാടി രാമപുരത്ത് വൻ സ്പിരിറ്റ് വേട്ട. ലോറിയിൽ കടത്തുകയായിരുന്ന ഏഴായിരം ലിറ്ററോളം സ്പിരിറ്റാണ് പിടികൂടിയത്. മരപ്പൊടി ചാക്കുകളിൽ കന്നാസിൽ നിറച്ചാണ് സ്പിരിറ്റ് കടത്താൻ ശ്രമിച്ചത്. സംഭവത്തിൽ കാസർകോട് സ്വദേശി മൂസക്കുഞ്ഞി അറസ്റ്റിലായി. തൃശൂരിലേക്കായിരുന്നു സ്പിരിറ്റ്‌ കൊണ്ടുപോകാൻ ശ്രമിച്ചത്. അതേസമയം രണ്ട് ദിവസങ്ങൾക്ക് മുൻപ് ആലപ്പുഴയിൽ അഞ്ച് കിലോ കഞ്ചാവുമായി നാല് യുവാക്കൾ പിടിയിലായിരുന്നു. മാവേലിക്കര പള്ളിക്കൽ പ്രണവ് ഭവനിൽ പ്രവീൺ (കൊച്ചുപുലി-23), ചാരുംമൂട് വെട്ടത്തുചിറയിരം അനന്തകൃഷ്ണൻ(24), തെക്കേക്കര ശാന്ത് ഭവനിൽ മിഥുൻ(24), ഭരണിക്കാവ് സജിത് ഭവനിൽ സജിത്(21) എന്നിവരാണ് പിടിയിലായത്.

ചേർത്തല റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി കായംകുളത്തേയ്ക്ക് ബസ് കാത്തുനിൽക്കുമ്പോളായിരുന്നു ഈ നാല് യുവാക്കളും പിടിയിലാകുന്നത്. പിടിച്ചെടുത്ത കഞ്ചാവിന് നാല് ലക്ഷം രൂപയ്ക്ക് മുകളിൽ വിലവരുമെന്നാണ് പൊലീസ് പറയുന്നത്. ആലപ്പുഴയിൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർത്തല പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്.

നാർകോട്ടിക് സെൽ ഡി വൈ എസ് പി സജിമോൻ, ചേർത്തല ഡി വൈ എസ് പി ബെന്നി ചേർത്തല പൊലീസ് ഇൻസ്പെക്ടർ വിനോദ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. സബ്ബ് ഇൻസ്പെക്ടർമാരായ അനിൽകുമാർ, മഹേഷ്, ശ്യാം, സീനിയർ സിവില്‍ പൊലീസ് ഓഫീസര്‍ സുനിൽ, സിവില്‍ പൊലീസ് ഓഫീസര്‍ നിധി, ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങൾ എന്നിവരും പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു.

Top