‘അമ്മ’ പദ്ധതി വിജയം കണ്ടു; കശ്മീരില്‍ ഭീകരവാദം വിട്ട് ഇതുവരെ മടങ്ങിയെത്തിയത് 50 യുവാക്കള്‍

ശ്രീനഗര്‍ : ഭീകരപ്രവര്‍ത്തനങ്ങള്‍ക്കെതിരെ സൈന്യത്തിന്റെ ചിനാറിലെ കോര്‍ അവതരിപ്പിച്ച പദ്ധതി വിജയം കാണുന്നു. ഇതുവരെ 50 യുവാക്കളാണ് തീവ്രവാദ പ്രവര്‍ത്തനം മതിയാക്കി ‘അമ്മ’ പദ്ധതിയിലൂടെ കുടുംബത്തില്‍ മടങ്ങിയെത്തിയത് എന്നാണ് വാര്‍ത്ത ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. ചിനാര്‍ കോര്‍ ആരംഭിച്ച ‘അമ്മ’ പദ്ധതിയിലൂടെയാണ് ഇത് സാധ്യമായത്. ചിനാര്‍ കോര്‍ കമാന്‍ഡര്‍ ലഫ്റ്റനന്റ് ജനറല്‍ കന്‍വല്‍ ജീത് സിങ് ധില്ലറാണ് ഈക്കാര്യം വ്യക്തമാക്കിയത്.

ഭീകരസംഘടനയില്‍ ചേരുന്ന യുവാക്കളില്‍ ഏഴു ശതമാനംപേര്‍ ആദ്യ പത്ത് ദിവസത്തിനുളളില്‍ തന്നെ കൊല്ലപ്പെടും. 9 ശതമാനം പേര്‍ ഒരു മാസത്തില്‍ കൊല്ലപ്പെടും, 17 ശതമാനം പേര്‍ മൂന്നുമാസത്തില്‍, 36 ശതമാനം 6 മാസത്തില്‍ ഒരു വര്‍ഷം കൊണ്ട് 64 ശതമാനം പേര്‍ കൊല്ലപ്പെടും. ഇക്കാര്യം മാതാപിതാക്കളെ ബോധ്യപ്പെടുത്തുകയാണ് ചെയ്തത്. എന്നിട്ട്, മക്കളോടു മടങ്ങിയെത്താന്‍ ആവശ്യപ്പെടാന്‍ അമ്മമാരോട് പറഞ്ഞു. ഇതിന്റെ ഫലം വളരെ മികച്ചതായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

കാണാതായ യുവാക്കളുടെ മാതാപിതാക്കളുടെ സന്ദേശവും ധില്ലന്‍ വാര്‍ത്താലേഖകരെ കാണിച്ചു. ഇവര്‍ കാശ്മീരിന്റെ അമൂല്യ സമ്മാനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. സൈന്യത്തിന്റെ മാനുഷിക പ്രവൃത്തികളോട് ബഹുമാനമുളളവരാണിവരെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാല്‍, ആരുടേയും മേല്‍വിലാസം വെളിപ്പെടുത്തിയില്ല. ഇവരില്‍ ചിലര്‍ കോളേജ് വിദ്യാഭ്യാസത്തിലേക്കും മറ്റും നീങ്ങും. ചിലര്‍ കുടുംബത്തെ സഹായിക്കാനാണ് താല്‍പ്പര്യപ്പെടുന്നത്. അവര്‍ക്ക് എല്ലാ ആശംസയും സൈന്യം നേരുന്നു എന്നും ചിനാര്‍ കോര്‍ കമാന്‍ഡര്‍ ലഫ്റ്റനന്റ് ജനറല്‍ കന്‍വല്‍ ജീത് സിങ് ധില്ലര്‍ പറഞ്ഞു.

Top