ശമ്പളം നഷ്ടമാകാതിരിക്കാന്‍ ഗര്‍ഭപാത്രം നീക്കം ചെയ്ത സ്ത്രീകള്‍; നടപടി വേണമെന്ന് കോണ്‍ഗ്രസ്

 

നാഗ്പുര്‍: മഹാരാഷ്ട്രയിലെ കരിമ്പിന്‍ പാടങ്ങളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ അനുഭവിക്കുന്ന ദുരിതത്തെക്കുറിച്ച് പുറത്തുവന്ന പരാതികളില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ നിതിന്‍ റാവത്ത്.

ശമ്പളം നഷ്ടമാകാതിരിക്കാന്‍ മുപ്പതിനായിരത്തോളം സ്ത്രീകളാണ് ഗര്‍ഭപാത്രം നീക്കം ചെയ്തതെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പരിഹാരം കാണണമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് കത്ത് നല്‍കിയതായും റാവത്ത് അറിയിച്ചു.മാസമുറ സമയത്ത് ജോലിയും വേതനവും നഷ്ടമാകുന്നത് ഒഴിവാക്കാനാണ് സ്ത്രീകള്‍ ഗര്‍ഭപാത്രം നീക്കം ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നത്.

മഹാരാഷ്ട്രയിലെ ബീഡിലും ഒസ്മാനാബാദിലും ആയിരക്കണക്കിന് സ്ത്രീകളാണ് ശസ്ത്രക്രിയയിലൂടെ ഗര്‍ഭപാത്രം നീക്കംചെയ്തത്. ഒരുദിവസത്തെ അന്നം നഷ്ടമാകാതിരിക്കാനാണ് പലരും ഇതിന് തയ്യാറാകുന്നത്. എന്നാല്‍ ജീവന്‍ അപകടത്തിലാക്കുന്ന ഇത്തരം നടപടികളിലേക്ക് അവരെ തള്ളിവിടാതിരിക്കാന്‍ സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്നും നിതിന്‍ റാവത്ത് പറഞ്ഞു.

 

 

Top