വാഷിംഗ്ടണ്‍: ഇന്ത്യയെ ലക്ഷ്യം വച്ച് 130ഓളം ആണവായുധങ്ങള്‍ പാകിസ്ഥാന്റെ ശേഖരത്തിലുണ്ടെന്ന് അമേരിക്ക. അമേരിക്കന്‍ കോണ്‍ഗ്രസിന്റെ പുതിയ റിപ്പോര്‍ട്ടിലാണ് വിവരം.
ഇന്ത്യയുടെ ഭാഗത്ത് നിന്നുള്ള സൈനിക നീക്കം തടയുന്നതിനായാണ് പാകിസ്ഥാന്റെ മുന്‍കരുതലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പാകിസ്ഥാന്റെ നടപടി ദക്ഷിണേഷ്യയില്‍ ആണവയുദ്ധ ഭീഷണി ശക്തമാക്കുന്നതാണെന്ന് റിപ്പോര്‍ട്ട് അഭിപ്രായപ്പെടുന്നു.
പാകിസ്ഥാന്‍ പുതിയ ആണവായുധങ്ങളും ആണവായുധ വാഹനങ്ങളും വികസിപ്പിയ്ക്കുന്നുണ്ടെന്ന് കോണ്‍ഗ്രഷണല്‍ റിസര്‍ച്ച് സര്‍വീസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേ സമയം സി.ആര്‍.എസ് റിപ്പോര്‍ട്ട് യു.എസ് കോണ്‍ഗ്രസിന്റെ ഔദ്യോഗിക നിലപാടായി പരിഗണിയ്ക്കാറില്ല. അതേ സമയം ആണവസുരക്ഷയുടെ കാര്യത്തില്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ വിശ്വാസ്യത നേടുന്ന വിധം പാകിസ്ഥാന്‍ ഏറെ മുന്നോട്ട് പോയിട്ടുണ്ടെന്നും റിപ്പോര്‍ട്ട് അഭിപ്രായപ്പെടുന്നു.
അതേ സമയം പാകിസ്ഥാനിലെ രാഷ്ട്രീയ അസ്ഥിരതയും ഭീകരസംഘടനകളുടെ ശക്തമായ സാന്നിദ്ധ്യവും സൈനിക അട്ടിമറി സാദ്ധ്യതകളുമെല്ലാം ആണവ പദ്ധതികള്‍ സംബന്ധിച്ച് ഏറെ ആശങ്കയുണ്ടാക്കുന്നുണ്ടെന്നും സി.ആര്‍.എസ് റിപ്പോര്‍ട്ട് പറയുന്നു.


