aroor bridge- bodies found

കൊച്ചി: ആലപ്പുഴ കൊച്ചി ദേശീയപാത ബൈപാസിലെ അരൂര്‍ കുമ്പളം പാലത്തില്‍ നിന്ന് പിക്കപ്പ് വാന്‍ വേമ്പനാട്ട് കായലില്‍ വീണ് കാണാതായ അഞ്ചു പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി.

മലയാളിയായ ഡ്രൈവര്‍ നിജാസും നാല് നേപ്പാള്‍ സ്വദേശികളുമാണ് മരിച്ചത്. ഇന്ന് നടത്തിയ തിരച്ചിലിലാണ് കാണാതായ മറ്റ് രണ്ട് പേരുടെയും കൂടി മൃതദേഹം കൂടി കണ്ടെത്തിയത്.

പാണാവള്ളി അരൂക്കുറ്റി നദുവത്ത് നഗര്‍ കുമ്മലയില്‍ സെയ്ദിന്റെ മകന്‍ നിജാസ് അലി, നേപ്പാള്‍ സ്വദേശികളായ ഹിംലാല്‍, മധു, ശ്യാം, ഗമണ്‍ എന്നിവരാണ് മരിച്ചതായി സ്ഥിരീകരിച്ചത്.

അപകടത്തില്‍ പെട്ട നേപ്പാള്‍ സ്വദേശികളായ രാമു (30), പൊതം (36), സുരേഷ് (27), ലുക്ക് മാന്‍ ഹലെ (32) എന്നിവരെ അപകട സമയത്ത് തന്നെ രക്ഷപ്പെടുത്തിയിരുന്നു.

ഈ മാസം 16ന് വൈകിട്ട് ആറുമണിയോടെയാണ് അപകടം. അമിത വേഗതയിലായിരുന്ന വാന്‍ മുന്നിലുണ്ടായിരുന്ന ലോറിയെ മറികടക്കാന്‍ ശ്രമിക്കുമ്പോഴാണ് അപകടമുണ്ടായതെന്നാണ് സൂചന. നിയന്ത്രണം വിട്ട് ലോറിയിലിടിച്ച വാന്‍ പാലത്തിന്റെ കൈവരി തകര്‍ത്ത് കായലില്‍ വീഴുകയായിരുന്നു.

ഇടപ്പള്ളി പാടിവട്ടം മൂക്കുമുറിയന്‍ പറമ്പില്‍ ഷാനവാസിന്റെ ചിത്ര ഡക്കറേഷന്‍സ് എന്ന പന്തല്‍ നിര്‍മ്മാണസ്ഥാപത്തിലെ താെഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്.

എറണാകുളം ബോള്‍ഗാട്ടി പാലസ് ഹോട്ടലില്‍ നടക്കുന്ന കണ്‍വെന്‍ഷന്റെ ഡെക്കറേഷന്‍ ജോലികഴിഞ്ഞ് കെ.എല്‍. 8 എ. എച്ച്. 4474 നമ്പര്‍ വാനില്‍ ചേര്‍ത്തല പാണാവള്ളിയിലെ ലേബര്‍ ക്യാമ്പിലേക്ക് മടങ്ങുകയായിരുന്നു.

അപകടത്തില്‍ നേപ്പാള്‍ സ്വദേശികള്‍ ഉള്‍പ്പട്ടതിനെക്കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കി. അപകടത്തെക്കുറിച്ചും ഇതുവരെ നടന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ചും വിശദീകരിച്ച് സംസ്ഥാന പോലീസ് മേധാവി കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കി.

ഇതിന്റെ അടിസ്ഥാനത്തില്‍ നേപ്പാള്‍ സര്‍ക്കാരുമായി കേന്ദ്രം ആശയവിനിമയം നടത്തും. മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിലുള്‍പ്പെടെ തീരുമാനം ഉണ്ടാകേണ്ടതുണ്ട്.

Top