ജമ്മുകശ്മീരില്‍ ആരുമായും സഖ്യത്തിനില്ല; നാഷണല്‍ കോണ്‍ഫറന്‍സ് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ഫാറൂഖ് അബ്ദുല്ല

ശ്രീനഗര്‍: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ജമ്മു കശ്മീരില്‍ ആരുമായും സഖ്യത്തിനില്ലെന്ന് പ്രഖ്യാപിച്ച് നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷന്‍ ഫാറൂഖ് അബ്ദുല്ല. തിരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഇതില്‍ രണ്ടാമതൊരു അഭിപ്രായമില്ല. ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം ജമ്മു കശ്മീര്‍ നിയമസഭയിലേക്കും തിരഞ്ഞെടുപ്പ് നടന്നേക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

ഇതിനിടെ തനിക്ക് ഇ.ഡി സമന്‍സയച്ചത് സംബന്ധിച്ചും അദ്ദേഹം പ്രതികരിച്ചു. ഫാറൂഖ് അബ്ദുല്ലയ്ക്ക് സമന്‍സയച്ച് അറസ്റ്റ് ചെയ്താല്‍ നാഷണല്‍ കോണ്‍ഫറന്‍സ് ഇല്ലാതാകുമെന്ന് കരുതുന്നവരുണ്ടെങ്കില്‍ അവര്‍ക്ക് തെറ്റിയെന്ന് അദ്ദേഹം പറഞ്ഞു. ‘ഞാന്‍ ഇ.ഡി.ക്ക് മുമ്പാകെ ഹാജരാകും. എന്നാല്‍, ഈ പ്രവൃത്തിയിലൂടെ നാഷണല്‍കോണ്‍ഫറന്‍സ് ഇല്ലാതാകുമെന്നാണ് അവര്‍ കരുതുന്നതെങ്കില്‍ തെറ്റിപ്പോയി’, ഫാറൂഖ് അബ്ദുല്ല പറഞ്ഞു.

ജമ്മു കശ്മീരില്‍ ഒറ്റയ്ക്ക് മത്സരിക്കാനുള്ള നാഷണല്‍ കോണ്‍ഫറന്‍സിന്റെ തീരുമാനത്തില്‍ കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് പ്രതികരിച്ചു. ‘ചര്‍ച്ചകള്‍ നടന്നുവരികയാണ്. എല്ലാ പാര്‍ട്ടികള്‍ക്കും അവരുടേതായ പരിമതികളുണ്ടാകും. നാഷണല്‍ കോണ്‍ഫറന്‍സും പി.ഡി.പിയും ഇന്ത്യാ സഖ്യത്തിന്റെ ഭാഗമാണ്’, ജയറാം രമേശ് പറഞ്ഞു.

Top