അരൂജാസിൽ നടന്നത് ‘അരാജകത്വം’ മുന്നറിയിപ്പാകണം ഇനി നടപടികൾ

അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും എതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണം.

ഇത്തരം സ്ഥാപനങ്ങള്‍ നടത്തുന്ന മാനേജുമെന്റുകളെ തുറങ്കിലടക്കുകയാണ് ചെയ്യേണ്ടത്. നിരവധി വിദ്യാര്‍ത്ഥികളുടെ ഭാവിയാണ് ഇത്തരക്കാര്‍ അവതാളത്തിലാകുന്നത്.

കൊച്ചി അരൂജാസ് സ്‌കൂളില്‍ നടന്നത് അരുതാത്ത നടപടിയാണ്.സംസ്ഥാന സര്‍ക്കാറിന്റെ എന്‍.ഒ.സി പോലും ഇല്ലാതെയാണ് ഈ സ്‌കൂള്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. ഈ സ്ഥാപനം അടച്ചുപൂട്ടാന്‍ 2018ല്‍ സര്‍ക്കാര്‍ ഉത്തരവിട്ടിട്ടും അത് നടപ്പാകാത്തത് ഞെട്ടിക്കുന്ന സംഭവമാണ്.

കോടതിയില്‍ നിന്നും ലഭിച്ച സ്റ്റേയാണ് ഇവിടെ ദുരുപയോഗം ചെയ്യപ്പെട്ടിരിക്കുന്നത്. അംഗീകാരമില്ലാത്ത സ്‌കൂളിന്റെ കാര്യത്തില്‍ ഇടപെടാനാകില്ലന്ന് പറഞ്ഞ് സി.ബി.എസ്.ഇയും കൈയ്യൊഴിഞ്ഞിട്ടുണ്ട്.

സിബിഎസ്ഇയുടെ അംഗീകാരമില്ലാത്തതിനാല്‍ തിങ്കളാഴ്ച തുടങ്ങിയ പത്താംക്ലാസ് പരീക്ഷയെഴുതാന്‍ സാധിക്കാതെ അരൂജാസ് സ്‌കൂളിലെ 29 വിദ്യാര്‍ഥികളാണ് പെരുവഴിയിലായിരിക്കുന്നത്. സാധാരണ ഈ സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥികളെ മറ്റേതെങ്കിലും സ്‌കൂളില്‍ രജിസ്റ്റര്‍ചെയ്ത് പരീക്ഷ എഴുതിക്കുകയാണ് പതിവ്. ഇക്കുറി സ്‌കൂള്‍ നേരിട്ട് രജിസ്‌ട്രേഷന് ശ്രമിച്ചെങ്കിലും ലഭിച്ചില്ല. ഇക്കാര്യം സ്‌കൂള്‍ അധികൃതര്‍ അറിയിച്ചില്ലെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്.

നാളുകള്‍ക്കുമുമ്പ് രജിസ്‌ട്രേഷനെക്കുറിച്ച് ചോദിച്ചപ്പോള്‍ നടപടിക്രമങ്ങള്‍ നടക്കുന്നുവെന്നായിരുന്നു സ്‌കൂള്‍ അധികൃതര്‍ നല്‍കിയിരുന്ന മറുപടി. പരീക്ഷയ്ക്ക് എല്ലാ വിദ്യാര്‍ഥികളും ഒരുമിച്ചുപോകാം എന്നും അറിയിക്കുകയുണ്ടായി. വ്യാഴാഴ്ച വൈകിട്ടോടെ സ്‌കൂള്‍ അധികൃതര്‍ രക്ഷിതാക്കളെ വിളിച്ചുവരുത്തി ഹാള്‍ ടിക്കറ്റ് കിട്ടിയില്ലെന്ന് അറിയിച്ചപ്പോഴാണ് -സ്‌കൂളിന് രജിസ്‌ട്രേഷനില്ലെന്ന വിവരം പോലും രക്ഷിതാക്കള്‍ അറിയുന്നത്.

ഫീസ് നല്‍കാന്‍ വൈകിയാല്‍ വിദ്യാര്‍ത്ഥികളെ വെയിലത്ത് നിര്‍ത്തുന്ന സ്ഥാപനം കൂടിയാണ് അരൂജാസ് സ്‌കൂള്‍.

ധിക്കാരികളായ ഇത്തരം മാനേജുമെന്റുകളെ നിലക്ക് നിര്‍ത്താന്‍ സര്‍ക്കാര്‍ ഉടന്‍ തയ്യാറാകണം.

ഒരു വിദ്യാര്‍ത്ഥിക്ക് പോലും പരീക്ഷ എഴുതാനുള്ള സാഹചര്യം നിഷേധിക്കാന്‍ പാടില്ല. ഇപ്പോഴത്തെ അവസ്ഥ തുടര്‍ന്നും ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ നടപടികളാണ് ആവശ്യം.

അനധികൃതമായി പ്രവര്‍ത്തിക്കുന്ന മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും കണ്ടെത്തേണ്ടത് അനിവാര്യമാണ്. എയ്ഡഡിന് മാത്രമല്ല അണ്‍ എയ്ഡഡ് സ്ഥാപനങ്ങളേയും കൂച്ചുവിലങ്ങിടേണ്ടത് നാടിന് അനിവാര്യമാണ്.

ഇക്കാര്യത്തില്‍ മുന്‍പ് മുഖ്യമന്ത്രി നല്‍കിയ മുന്നറിയിപ്പ് തന്നെയാണ് നടപ്പാക്കേണ്ടത്.

ആവശ്യമെങ്കില്‍ എയ്ഡഡ് സ്‌കുളുകള്‍ സര്‍ക്കാര്‍ വാടകയ്ക്ക് എടുക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞിരുന്നത്. അണ്‍ എയ്ഡഡിന്റെ കാര്യത്തിലും നിലപാട് കര്‍ക്കശമാക്കേണ്ടതുണ്ട്.

അധ്യാപക നിയമനവുമായി ബന്ധപ്പെട്ടാണ് സ്വകാര്യ സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ക്ക് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ‘വിരട്ടലൊന്നും വേണ്ട, ആവശ്യമെങ്കില്‍ എയ്ഡഡ് സ്‌കൂളുകള്‍ സര്‍ക്കാര്‍ വാടകയ്‌ക്കെടുക്കും’ എന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നത്. അധ്യാപകര്‍ക്ക് ശമ്പളം കൊടുക്കുന്ന സര്‍ക്കാരിനെ സംബന്ധിച്ച് ഇതൊരു പ്രശ്‌നമാണോ എന്നും മുഖ്യമന്ത്രി ചോദിച്ചിരുന്നു. എയ്ഡഡ് മാനേജ്‌മെന്റുകളെ ഞെട്ടിച്ച പ്രതികരണമായിരുന്നു ഇത്. കച്ചവട താല്‍പര്യം അനുവദിക്കില്ലെന്ന വ്യക്തമായ സന്ദേശമാണ് മുഖ്യമന്ത്രി തന്റെ പ്രതികരണത്തിലൂടെ നല്‍കിയിരിക്കുന്നത്. ഈ മുന്നറിയിപ്പ് അണ്‍ എയ്ഡഡ് സ്ഥാപനങ്ങളും ഓര്‍ക്കുന്നത് നല്ലതാണ്. അണ്‍ എയ്ഡഡ് ആയാല്‍ എന്തും ആകാം എന്ന് കരുതരുത്. സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെ ഒരു അണ്‍ എയ്ഡഡ് സ്ഥാപനത്തിനും പ്രവര്‍ത്തിക്കാന്‍ കഴിയുകയില്ല. ഇക്കാര്യം ഓര്‍ക്കുന്നത് നല്ലതാണ്.

എയ്ഡഡ് സ്‌കൂള്‍ അധ്യാപക നിയമനത്തിലും നിയന്ത്രണമേര്‍പ്പെടുത്താനും അധിക തസ്തികകള്‍ സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ അനുമതി വേണമെന്നതുമാണ് പുതിയ തീരുമാനം. ഇതിനെതിരെയാണ് മാനേജ്‌മെന്റുകള്‍ പ്രതിഷേധിച്ചിരുന്നത്. മാനേജ്‌മെന്റുകള്‍ സൃഷ്ടിച്ച തസ്തികകളില്‍ പലതിലും, കുട്ടികളുടെ എണ്ണം സംബന്ധിച്ച് വ്യാജ കണക്കുകളാണ് നിരത്തിയിരുന്നത്. ഇതാണ് സര്‍ക്കാരിനെ ചൊടിപ്പിച്ചിരുന്നത്.

നിര്‍ദ്ദിഷ്ട അധ്യാപക – വിദ്യാര്‍ത്ഥി അനുപാതത്തില്‍ ഒരു കുട്ടി കൂടുതലായാല്‍ പുതിയ അധ്യാപക തസ്തിക സൃഷ്ടിക്കാമെന്ന നിലവിലെ നിലയാണ് സര്‍ക്കാര്‍ മാറ്റുന്നത്. നിലവില്‍ ഈ അധിക തസ്തികയ്ക്ക് യുപി തലത്തില്‍ എഇഒയുടേയും ഹൈസ്‌കൂള്‍ തലത്തില്‍ ഡിഇഒയുടേയും അനുമതി മാത്രംമതി. എന്നാല്‍ ഇതിനുള്ള അധികാരം ഇനി എഇഒയ്ക്കും ഡിഇഒയ്ക്കുമുണ്ടാവില്ല. അധിക തസ്തികയ്ക്ക് സര്‍ക്കാര്‍ അനുമതി വേണ്ടി വരും. ഇതിനായി കേരള വിദ്യാഭ്യാസ ചട്ടങ്ങള്‍ ഭേദഗതി ചെയ്യുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് ബജറ്റിലും പ്രഖ്യാപിച്ചിരുന്നു.

അണ്‍ എയ്ഡഡ് സ്‌കൂളുകളുടെ പ്രവര്‍ത്തനങ്ങളിലും നിയന്ത്രണം അനിവാര്യമാണ്. അണ്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ അധ്യാപകരുടെ ശമ്പളം ആ സ്ഥാപനങ്ങള്‍ തന്നെയാണ് നല്‍കിയിരുന്നത്. എന്നാല്‍ ഇതിന്റെ മറവില്‍ വലിയ വിദ്യാഭ്യാസ കച്ചവടമാണ് നടക്കുന്നത്. ഇത്തരക്കാരുടെ എന്‍.ഒ.സി റദ്ദാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം.

അനുമതിയില്ലാതെ അരൂജാസ് സ്‌കൂളിനെ പോലെ എത്ര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്നതിനെ കുറിച്ച് കണക്കെടുപ്പ് മാത്രമല്ല നടപടിയും അനിവാര്യമാണ്. വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ചയാണ് ഉണ്ടായിരിക്കുന്നത്. ഇക്കാര്യത്തില്‍ ആദ്യം നടപടി വേണ്ടത് വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ്.

സ്ഥാപനങ്ങള്‍ ചെയ്യുന്ന തെറ്റിന് പാവം വിദ്യാര്‍ത്ഥികളെ ബലിയാടാക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയുന്നതല്ല.

Staff Reporter

Top