സര്‍ക്കാര്‍ ഉത്തരവിട്ടാല്‍ ആരോഗ്യസേതു ആപ്പ് മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്യും: ഷാവോമി

രോഗ്യസേതു ആപ്ലിക്കേഷന്‍ ജീവനക്കാര്‍ക്കിടയില്‍ നിര്‍ബന്ധിതമാക്കി ഷാവോമി ഇന്ത്യ. സര്‍ക്കാര്‍ ഉത്തരവിട്ടാല്‍ ഷാവോമി സ്മാര്‍ട്ട്‌ഫോണുകളില്‍ ആരോഗ്യസേതു ആപ്പ് മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്യുമെന്നും ഷാവോമി ഇന്ത്യ മാനേജിങ് ഡയറക്ടര്‍ മനു ജെയ്ന്‍ പറഞ്ഞു.

പൊതു,സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ ആരോഗ്യസേതു ആപ്പ് നിര്‍ബന്ധമായും ഇന്‍സ്റ്റാള്‍ ചെയ്തിരിക്കണമെന്നാണ് സര്‍ക്കാരിന്റെ നിര്‍ദേശം.

അതേസമയം പുതിയ ഫോണുകളിലെ ആദ്യ ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് ആരോഗ്യസേതു ആപ്പ് നിര്‍ബന്ധമാക്കണമെന്ന് സര്‍ക്കാര്‍ ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല. എന്നാല്‍ ഉത്തരവ് വരുന്ന പക്ഷം പുതിയ ഷവോമി ഫോണുകളില്‍ ആരോഗ്യ സേതു ആപ്ലിക്കേഷനും ഉള്‍പ്പെടുത്തുമെന്ന് മനു ജെയ്ന്‍ വ്യക്തമാക്കി.

ആരോഗ്യസേതു ആപ്ലിക്കേഷനുമായി ബന്ധപ്പെട്ട് സ്വകാര്യതാ ആശങ്കകള്‍ വേണ്ടതില്ലെന്നും ആപ്പ് സുരക്ഷിതമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതിനോ ഉപയോഗിക്കുന്നതിനോ പ്രശ്‌നമൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ആരോഗ്യസേതു ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഉപയോക്താക്കളോട് അപേക്ഷിക്കാനേ പറ്റൂവെന്നും നിര്‍ബന്ധിക്കില്ലെന്നും ജെയ്ന്‍ കൂട്ടിച്ചേര്‍ത്തു.

Top