Arnab Goswami to get security cover over threats from Pak terrorists

ന്യൂഡല്‍ഹി: ടൈംസ് നൗ ചാനല്‍ ചീഫ് എഡിറ്റര്‍ അര്‍ണാബ് ഗോസ്വാമിക്ക് വൈ കാറ്റഗറി സുരക്ഷ അനുവദിച്ചതിനെ വിമര്‍ശിച്ച് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു രംഗത്ത്.

തലയില്‍ ആള്‍ത്താമസമില്ലാത്ത, നല്ല അഹങ്കാരമുള്ള കോമാളിയെ രാവും പകലും സംരക്ഷിക്കാന്‍ ഇനി 20 സുരക്ഷാ ഭടന്‍മാരുണ്ടാവുമെന്ന് അര്‍ണാബിനെ രൂക്ഷമായി പരിഹസിച്ചു കൊണ്ട് കട്ജു പറഞ്ഞു.

അര്‍ണാബ് ഗോസ്വാമിക്ക് എന്തിനാണ് വൈ കാറ്റഗറി സുരക്ഷ നല്‍കിയതെന്ന് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ കട്ജു ചോദിച്ചു. വൈ കാറ്റഗറി സുരക്ഷ ലഭിക്കുന്നതോടെ രാവും പകലും ഇരുപതോളം സുരക്ഷാ ഭടന്‍മാര്‍ അര്‍ണാബിനെ കാക്കാനായി ഒപ്പം വേണം. ജനങ്ങള്‍ നല്‍കുന്ന നികുതിപ്പണത്തില്‍ നിന്നാണ് ഈ ചിലവെല്ലാം സര്‍ക്കാര്‍ നടത്തുന്നതെന്ന് കട്ജു ചൂണ്ടിക്കാട്ടി.

തീര്‍ച്ചയായും ഒരു വന്‍തുക ശമ്പള ഇനത്തില്‍ അര്‍ണാബിന് അയാളുടെ സ്ഥാപനം നല്‍കുന്നുണ്ടാവും. എന്ത് കൊണ്ട് സ്വന്തം ജീവന്‍ രക്ഷിക്കാനുള്ള ചിലവ് അര്‍ണാബ് സ്വയം വഹിക്കുന്നില്ല….?.

സായുധരായ സുരക്ഷാഭടന്‍മാരെ വിട്ടു തരുന്ന നിരവധി സ്വകാര്യ സുരക്ഷ ഏജന്‍സികളുണ്ട്. എന്ത് കൊണ്ട് അവരുടെ സേവനം തേടാന്‍ അര്‍ണാബോ നല്ല വരുമാനമുള്ള അയാളുടെ സ്ഥാപനമോ തയ്യാറാവുന്നില്ലെന്നും കട്ജു ചോദിച്ചു.

സര്‍ക്കാരിന് മുന്നില്‍ മുട്ടുമടക്കി നില്‍ക്കുന്ന വേറെയും ചില മാധ്യമപ്രവര്‍ത്തകര്‍ക്കും ഇതു പോലെ കേന്ദ്ര സര്‍ക്കാര്‍ സുരക്ഷയൊരുക്കിയിട്ടുണ്ടെന്നും, തീര്‍ത്തും പരിതാപകരമായ കാര്യമാണിതെന്നും കട്ജു തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറ്റപ്പെടുത്തി.

പാകിസ്താന്‍ ഭീകരസംഘടനകളുടെ ഭീഷണിയെ തുടര്‍ന്നാണ് അര്‍ണാബ് ഗോസ്വാമിക്ക് ‘വൈ’ കാറ്റഗറി സുരക്ഷയൊരുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയത്.

Top