അര്‍ണാബിന്റെ മുഖത്തടിച്ചതിനേക്കാള്‍ പ്രഹരം ഈ പ്രതികരണത്തിനുണ്ട്

അര്‍ണാബ് നിങ്ങള്‍ പറഞ്ഞത് നേരാണ്. എഡ്വിജ് അന്റോണിയ ആല്‍ബിന മൈനോ എന്നായിരുന്നു അവളുടെ പേര്‍.കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിക്കെതിരെ മാധ്യമപ്രവര്‍ത്തകന്‍ അര്‍ണാബ് ഗോസ്വാമി നടത്തിയ പരാമര്‍ശത്തിനെതിരെ പ്രതികരിച്ച് എഴുത്തുകാരന്‍ ലിജീഷ് കുമാര്‍. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് ലിജീഷ് കുമാര്‍ അര്‍ണാബിന് മറുപടിയുമായെത്തിയത്. സോണിയഗാന്ധിയെ വിമര്‍ശിച്ച അര്‍ണാബിന്റെ മാധ്യമപ്രവര്‍ത്തനം ഒരു ബലാത്സംഗിയുടെതാണെന്നും തന്റെ കുറിപ്പിലൂടെ ലിജീഷ്‌കുമാര്‍ രൂക്ഷമായി വിമര്‍ശിച്ചു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം …
ലോക ചരിത്രത്തില്‍ ഇങ്ങനെയേത് പെണ്ണുണ്ടാവും ? അങ്ങനെയേത് പെണ്ണുണ്ടോ, അവളുടെ പിന്നാലെ കാണും ആണഹന്തകള്‍ കൊണ്ട് നിര്‍മ്മിച്ച ഒരു തെറിവണ്ടി

അര്‍ണാബ്, നിങ്ങള്‍ പറഞ്ഞത് നേരാണ്. എഡ്വിജ് അന്റോണിയ ആല്‍ബിന മൈനോ എന്നായിരുന്നു അവളുടെ പേര്, സോണിയ എന്നായിരുന്നില്ല. നിങ്ങള്‍ പറഞ്ഞത് സത്യമാണ്. ഇറ്റലിയിലെ ലുസിയാന എന്ന ഒരു കൊച്ചുഗ്രാമത്തിലാണ് അവള്‍ ജനിച്ചത്, ഇന്ത്യയിലായിരുന്നില്ല.

പിന്നീട് ഒരിന്ത്യക്കാരന്‍ അവളെ പ്രേമിച്ചു, കല്യാണം കഴിച്ചു – അവള്‍ സോണിയയായി. ഒരുപാട് കഷ്ടപ്പെട്ടാണ് അവളിവിടുത്തെ ഭക്ഷണം കഴിക്കാന്‍ പഠിച്ചത്. മുട്ടറ്റം വരെയുള്ള പാവാടയിട്ട് ഫോട്ടോയ്ക്ക് പോസ് ചെയ്തതിന് ഈ രാജ്യം അവളെ നാണം കെടുത്തിയിട്ടുണ്ട്, ഭാരതീയതയുടെ മോറല്‍ ക്ലാസെടുത്തിട്ടുണ്ട്. അര്‍ണാബ് സത്യമാണ്, പ്രധാനമന്ത്രിയുടെ മരുമകളുടെ കാല് കണ്ട് ഞെട്ടിയിട്ടുണ്ട് ഇന്ത്യ. അന്നത്തെ പടങ്ങളില്‍ ഉടുക്കാനറിയാതെ ഉടുത്ത അവളുടെ സാരി കാണാം, ഉടുക്കാനിഷ്ടമില്ലാതെ ഉടുത്ത സാരി. അവളുടെ പേര് – ഭക്ഷണ ശീലങ്ങള്‍ – വസ്ത്രധാരണ രീതികള്‍ എല്ലാം അവള്‍ക്ക് നഷ്ടമാവുകയായിരുന്നു. വിവാഹം കഴിച്ച പെണ്ണുങ്ങള്‍ക്ക് പറയാന്‍ ത്യജിച്ചതിന്റെ കഥയേ ഉണ്ടാവൂ അര്‍ണാബ്, നിങ്ങള്‍ക്കത് മനസിലാവില്ല.

രാജീവിനെന്തിന്റെ കേടായിരുന്നു എന്ന നിങ്ങളുടെ ചോദ്യം ന്യായമാണ്, കെട്ടിടം പണികളുടെ കോണ്‍ട്രാക്റ്ററായി ജോലി നോക്കിയിരുന്ന ഒരു സാധാരണക്കാരനായിരുന്നു അവളുടെ അപ്പന്‍. അങ്ങനെയൊരപ്പനെ അമ്മായിയപ്പനാക്കുന്നത് പ്രിവിലേജുകളുടെ ചൂടില്‍ വിരാജിക്കുന്ന ഗോ സാമിമാര്‍ക്ക് ഇമാജിന്‍ ചെയ്യാന്‍ പോലും കഴിയില്ല. വലിയ വീട്ടില്‍ ജനിക്കാത്ത പെണ്ണുങ്ങള്‍ക്കറിയാം പ്രണയത്തിന്റെ ചൂടില്‍പ്പോലും നേരംതെറ്റി തികട്ടുന്ന ഉള്‍ഭയത്തിന്റെ പൊള്ളല്‍. അര്‍ണാബ്, നിങ്ങള്‍ക്കത് മനസിലാവില്ല.
അവളും അവളുടെ ഭര്‍ത്താവും അമ്മായിയമ്മയും മക്കളുമെല്ലാം കൂടെ കൊണ്ട് നടക്കുന്ന ഈ ‘ഗാന്ധി’ കുടുംബപ്പേരല്ല – അത് നെഹ്രു കുടുംബമാണ് എന്ന് നിങ്ങള്‍ പറഞ്ഞത് സത്യമാണ് അര്‍ണാബ്.

മകളുടെ പേരിനൊപ്പം തന്റെ പേര് തൂക്കിയിടാതെ, തന്റെ ദേശത്തിന്റെ പേര് തൂക്കിയിട്ട നെഹ്രുവിന്റെ കുടുംബം. ആ രാഷ്ട്രീയം മനസിലാവണമെങ്കില്‍ ആദ്യം നെഹ്രു ആരാണ് എന്ന് നിങ്ങള്‍ പഠിക്കണം, ഗാന്ധി എന്താണ് എന്നും. ഗാന്ധി ഈ ദേശത്തിന്റെ പേരാണ്, മഹത്തായ ഒരു ജീവിത ശൈലിയുടെ പേരാണ്. ആ പേരിനെ കൂടെ കൊണ്ടു നടക്കുക അത്ര എളുപ്പമല്ല.

കൊന്നു തള്ളിയിട്ടും തീരുന്നില്ലല്ലോ ഈ ഗാന്ധി പല രൂപത്തില്‍ വന്ന്, പലരായി വന്ന്, പരമ്പര പരമ്പരയായി വന്ന്, വിടാതെ പിന്തുടരുന്നല്ലോ ഗാന്ധി എന്ന നിങ്ങളുടെ വേവലാതി മനസിലാവാഞ്ഞിട്ടല്ല അര്‍ണാബ്. മറ്റൊരു പേര് പോലല്ല നിങ്ങള്‍ക്ക് ഗാന്ധി എന്ന് എനിക്കറിയാം. ആ പേര് ഇന്ത്യന്‍ രാഷ്ട്രീയത്തിലുയരുമ്പോഴെല്ലാം നിങ്ങള്‍ക്ക് പൊള്ളും. പിന്നെയും പിന്നെയും അയാളെ കൊല്ലാന്‍ തോന്നും, കുഴിച്ചുമൂടാന്‍ തോന്നും. അത് നിങ്ങളുടെ കുഴപ്പമല്ല അര്‍ണാബ്, നിങ്ങള്‍ രാഷ്ട്രീയം പഠിച്ച സ്‌കൂളിന്റെ കുഴപ്പമാണ്.

സത്യമാണ് അര്‍ണാബ്, റോമന്‍ കത്തോലിക്കാ വിശ്വാസിയായിരുന്നു സോണിയ. 1970 ജൂണ്‍ 19 നും 1972 ജനുവരി 12 നും ഡല്‍ഹിയിലെ ഹോളി ഫാമിലി ആശുപത്രി രജിസ്റ്ററില്‍ ബേബി ഓഫ് സോണിയാ ഗാന്ധി എന്ന് രേഖപ്പെടുത്തപ്പെട്ടിരിക്കുന്ന മക്കളുടെ മതക്കോളം ചികഞ്ഞ് നിങ്ങള്‍ കണ്ടെടുത്തത് നേരാണ്, സോണിയയുടെ മതമല്ല മക്കള്‍ക്ക്. തന്റെ മതമേതെന്ന് സോണിയ പോലും മറന്നു കഴിഞ്ഞിരിക്കുന്നു. അതൊരു പ്ലേയല്ല അര്‍ണബ്, മനുഷ്യന്‍ മുതിരുന്നതിന്റെ അടയാളമാണത്.

നരന്‍ ക്രമാല്‍ തന്റെ ശവം ചവിട്ടി / പൊകുന്നൊരിപ്പോക്കുയരത്തിലേക്കോ ?’ എന്നു നാലപ്പാടന്‍ ‘കണ്ണുനീര്‍ത്തുള്ളി’യില്‍ എഴുതിയിട്ടുണ്ട്. ‘that men may rise upon their dadselves to higher things’ എന്ന് ടെന്നിസണ്‍ ‘ഇന്‍ മെമ്മോറിയ’ത്തിലും. ചില ശീലങ്ങളെ കൊന്നുകൊണ്ടുതന്നെയാണ് മനുഷ്യര്‍ ഉയരത്തിലേക്ക് നടക്കുന്നത്. നിന്നേടത്ത് തന്നെ നിന്നു പോവുന്നവര്‍ക്ക് അതു മനസിലാവില്ല, വളര്‍ച്ച മുരടിക്കുന്നത് ഒരസുഖമാണ് – ഞാനതിനെ പഴിക്കില്ല.

അര്‍ണാബ് സത്യമാണ്, ഹിന്ദി ഭാഷപോലും സോണിയ പഠിച്ചെടുത്തതാണ്. ഒരിടത്ത് ജനിക്കാന്‍ എളുപ്പമാണ്, അത്ര എളുപ്പമല്ല മറ്റൊരിടത്ത് പുനര്‍ജനിക്കാന്‍. ഇന്ത്യയെ അവള്‍ പഠിച്ചെടുത്തതാണ് അര്‍ണബ്. തിരിച്ച് എന്തൊക്കെയാണ് ഇന്ത്യ അവളെ പഠിപ്പിച്ചത് ? പാഠം 1 : താനപകടത്തിലാണ്, 19 വെടിയുണ്ടകളേറ്റ് അമ്മായിയമ്മ കണ്‍മുമ്പില്‍ പിടഞ്ഞ് വീണു. പാഠം 2 : താനപകടത്തിലാണ്, ഒന്ന് കൂട്ടിപ്പിടിക്കാന്‍ പോലും കിട്ടാതെ ചിതറിത്തെറിച്ചു പോയി ഭര്‍ത്താവിന്റെ ഉടല്‍ അര്‍ണാബ്, മഹാനഷ്ടങ്ങളുടെ പേരാണ് സോണിയാ ഗാന്ധി.

2004 ല്‍ കൈയ്യില്‍ വെച്ച് കൊടുത്ത പ്രധാനമന്ത്രി പദം നിരസിച്ചിട്ടുണ്ട് സോണിയ. മഹാനഷ്ടങ്ങളുടെ മാത്രമല്ല, മഹാത്യാഗത്തിന്റെ കൂടെ പേരാണ് സോണിയാ ഗാന്ധി. രണ്ട് പതിറ്റാണ്ട് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ നയിച്ച സ്ത്രീയാണവര്‍, ഒരു ദേശീയ പാര്‍ട്ടിയുടെ അമരത്ത് ഇങ്ങനെയിരുന്ന മറ്റാരുണ്ട് ? ലോക ചരിത്രത്തില്‍ അങ്ങനെയേത് പെണ്ണുണ്ടാവും ? ലോക ചരിത്രത്തില്‍ അങ്ങനെയേത് പെണ്ണുണ്ടോ, അവളുടെ പിന്നാലെ കാണും ആണഹന്തകള്‍ കൊണ്ട് നിര്‍മ്മിച്ച ഒരു തെറിവണ്ടി. അര്‍ണാബ്, ഇന്ത്യയിലത് നിങ്ങളാണ്.

പേര്, കുടുംബപ്പേര്, വിലാസം, ഭക്ഷണ ശീലങ്ങള്‍, വസ്ത്രധാരണ രീതികള്‍, ജീവിത ശൈലി, അമ്മായിയമ്മ, ഭര്‍ത്താവ് – അങ്ങനെ ഒരാള്‍ക്ക് സ്വന്തമായി ഉണ്ടായിരുന്നതെല്ലാം ഒരു രാജ്യം കവര്‍ന്നെടുക്കുക, എന്നിട്ടയാളോട് പറയുക ഇനി നിങ്ങള്‍ക്കിവിടെ നിന്ന് പോകാം – ഈ രാജ്യം നിങ്ങളുടേതല്ല എന്ന്. അതൊരു റേപ്പിസ്റ്റിന്റെ ഡയലോഗാണ്. സ്വന്തമായി ഉണ്ടായിരുന്നതെല്ലാം കവര്‍ന്നെടുത്ത ശേഷം, ഇനി നിങ്ങള്‍ക്ക് പോകാം എന്ന് പറയുന്നയാള്‍ തീര്‍ച്ചയായും അതാണ്. അര്‍ണാബ്, നിങ്ങളൊരു റേപ്പിസ്റ്റാണ് – നിങ്ങളും നിങ്ങളുടെ മാധ്യമ പ്രവര്‍ത്തനവും.’

Top