അര്‍ണാബ് ഗോസ്വാമിയുടെ ആരോപണം കള്ളം; കോണ്‍ഗ്രസ് രംഗത്ത്

തനിക്കും ഭാര്യക്കും നേരെ ആക്രമണം ഉണ്ടായെന്ന റിപ്പബ്ലിക് ടി വി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണാബ് ഗോസ്വാമിയുടെ ആരോപണം കള്ളമെന്ന് കോണ്‍ഗ്രസ്. പുറത്ത് വിട്ടത് ആക്രമിക്കപ്പെട്ടു എന്ന് അര്‍ണാബ് അവകാശപ്പെടുന്ന സമയത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ് ചിത്രീകരിച്ച വീഡിയോ ആണെന്നാണ് കോണ്‍ഗ്രസ് പുറത്ത് വിടുന്ന പ്രധാന ആരോപണം. കോണ്‍ഗ്രസിന്റെ ഡിജിറ്റല്‍ കമ്യൂണിക്കേഷന്‍ ആന്‍ഡ് സോഷ്യല്‍മീഡിയ ദേശീയ കോഡിനേറ്റര്‍ ഗൗരവ് പന്ധി ആണ് അര്‍ണാബ് ഗോസ്വാമിക്കെതിരെ രംഗത്തു വന്നത്.

രാത്രി 12. 15ന് ആക്രമണം ഉണ്ടായി എന്നാണ് അര്‍ണാബ് തന്നെ വീഡിയോയിലൂടെ വിശദീകരിച്ചത്. എന്നാല്‍ ഈ വീഡിയോ നാല് മണിക്കൂര്‍ മുന്‍പ് 8.17ന് ചിത്രീകരിച്ചതാണെന്ന് പന്ധി പറയുന്നു. വീഡിയോയുടെ മെറ്റാഡേറ്റ എന്ന പേരിലുള്ള വിവരങ്ങള്‍ പങ്കുവച്ചാണ് അദ്ദേഹത്തിന്റെ ആരോപണം.

വൈ കാറ്റഗറി സുരക്ഷയാണ് അര്‍ണാബിനുള്ളത്. അക്രമികളെ അര്‍ണാബിന്റെ സുരക്ഷാ ജീവനക്കാര്‍ പിടികൂടി. അവര്‍ തമ്മില്‍ കുറേ നേരം സംസാരിച്ചിട്ട് പിന്നീട് വിട്ടയച്ചോ? എന്തുകൊണ്ട് അക്രമികളെ പൊലീസിന് കൈമാറിയില്ല? പിന്നെ, വീഡിയോയുടെ മെറ്റാഡാറ്റ വ്യക്തമാക്കുന്നത് ഈ വീഡിയോ അര്‍ണാബ് ആരോപിക്കുന്ന സംഭവത്തിനു കുറേ മുന്‍പ് ചിത്രീകരിച്ചതാണ് എന്നാണ് എന്ന് ഗൗരവ് പന്ധി ട്വീറ്റ് ചെയ്തു.

ഇതോടൊപ്പം മുന്‍ ബിബിസി എഡിറ്റര്‍ രിഫാത് ജാവേദും അര്‍ണാബിന്റെ വാദങ്ങള്‍ വ്യാജമാണെന്ന ആരോപണവുമായി രംഗത്തെത്തിയിരുന്നു. ബിജെപി വക്താവ് സമ്പിത് പത്രയുടെയും സിനിമാ നിര്‍മ്മാതാവ് അശോക് പണ്ഡിറ്റിന്റെയും ട്വീറ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ പങ്കുവച്ചു കൊണ്ടാണ് ജാവേദിന്റെ ആരോപണം.

Top