ആര്‍മി റിക്രൂട്ട്‌മെന്റ് ക്യാമ്പില്‍ യുവാവ് പിടിയില്‍: തട്ടിപ്പ് നടത്താനെത്തിയതെന്ന് സംശയം

തിരുവനന്തപുരം: പാങ്ങോട് സൈനിക ക്യാമ്പില്‍ ആര്‍മി റിക്രൂട്ട്‌മെന്റ് പരീക്ഷയ്ക്കിടെ വ്യാജ പട്ടാള വേഷത്തിലെത്തിയ യുവാവ് പിടിയില്‍. തമിഴ്‌നാട് മധുര സ്വദേശി മധുമോഹന്‍ രാജിനെയാണ് ( 25)മിലിട്ടറി ഇന്റലിജന്‍സ് പിടി കൂടിയത്. സൈനികര്‍ ഉപയോഗിക്കുന്ന പച്ച കലര്‍ന്ന ടീ ഷര്‍ട്ടും ബൂട്ടും ധരിച്ചാണ് മധുമോഹന്‍ എത്തിയത്. സൈന്യത്തിലേക്കുള്ള എഴുത്ത് പരീക്ഷയ്ക്ക് പരിശീലനം നല്‍കുന്നതിന് താന്‍ തമിഴ്നാട്ടില്‍ പരിശീലനകേന്ദ്രം നടത്തുന്നുണ്ടെന്ന് ഇയാള്‍ പോലീസിനോട് സമ്മതിച്ചു. പത്രങ്ങളിലും മറ്റും പരസ്യം ചെയ്താണ് ഉദ്യോഗാര്‍ത്ഥികളെ കാന്‍വാസ് ചെയ്തിരുന്നത്.

കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും ആര്‍മി റിക്രൂട്ട്‌മെന്റ് റാലി നടക്കുന്ന സ്ഥലങ്ങളിലെത്തി കായികക്ഷമതാ പരീക്ഷയില്‍ പാസാകുന്ന ഉദ്യോഗാര്‍ത്ഥികളെ നേരിട്ടും സമീപിക്കാറുണ്ട്. വിരമിച്ച പട്ടാള ഉദ്യോഗസ്ഥരാണ് തന്റെ സ്ഥാപനത്തില്‍ പഠിപ്പിക്കുന്നതെന്നും വിജയം ഉറപ്പാണെന്നും അവരെ വിശ്വസിപ്പിച്ച് പരിശീലനത്തിനായി ചേര്‍ക്കും. ഒരു ഉദ്യോഗാര്‍ത്ഥിയുടെ കൈയ്യില്‍ നിന്ന് 10000 രൂപയാണ് ഇയാള്‍ വാങ്ങിയിരുന്നത്. നിരവധി ഉദ്യോഗാര്‍ത്ഥികള്‍ ഇയാളുടെ വലയില്‍ വീണതായാണ് കരുതപ്പെടുന്നത്.

ഇന്നലെ പരീക്ഷ എഴുതിയവരില്‍ 18 പേര്‍ മധുമോഹന്റെ സ്ഥാപനത്തില്‍ പരിശീലനം നേടിയതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. ഉദ്യോഗാര്‍ത്ഥികളാരും പരാതിപ്പെടാത്തതിനാല്‍ ഇക്കാര്യം ഉറപ്പിക്കാനായിട്ടില്ല. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

മിലിട്ടറി ക്യാമ്പിന് സമീപത്ത് വച്ച് ഇയാളുടെ കാര്‍ ഒരു സ്‌കൂട്ടറില്‍ തട്ടിയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെയാണ് ഇയാള്‍ പിടിയിലായത്. പട്ടാള യൂണിഫോമിലായിരുന്ന മധുമോഹന്‍ നാട്ടുകാരുമായി തര്‍ക്കിച്ചപ്പോള്‍ കാവല്‍ ജോലിയിലുണ്ടായിരുന്ന പട്ടാളക്കാര്‍ ഇടപെട്ട് തിരിച്ചറിയല്‍ കാര്‍ഡ് ആവശ്യപ്പെടുകയായിരുന്നു.

Top