ഉംപുണ്‍ തകര്‍ത്തെറിഞ്ഞ പശ്ചിമംഗാളില്‍ രക്ഷാ പ്രവര്‍ത്തനത്തിന് സൈന്യവും

കൊല്‍ക്കത്ത: ഉംപുണ്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് കനത്ത നാശനഷ്ടം സംഭവിച്ച പശ്ചിമബംഗാളില്‍ ഇനിയുള്ള രക്ഷാപ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ നിര്‍ദേശാനുസരണം സൈന്യവും രംഗത്ത്. കൊല്‍ക്കത്ത നഗരത്തിലാണ് സൈന്യം ആദ്യം രക്ഷാപ്രവര്‍ത്തനത്തിനായി ഇറങ്ങിയത്. ഉംപുണ്‍ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ സൈന്യത്തിന്റെ സേവനം വിട്ടു തരണമെന്ന് ഇന്നലെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

ദേശീയ ദുരന്തനിവാരണ സേനയുടെ പത്ത് കമ്പനി അധിക ടീമിനേയും പശ്ചിമബംഗാളില്‍ നിയോഗിച്ചിട്ടുണ്ട്. അതേസമയം സംസ്ഥാനത്തിന് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച ആയിരം കോടി രൂപയുടെ ധനസഹായം ദുരിതാശ്വാസ പാക്കേജിന്റെ ഭാഗമല്ലെന്ന് പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ജഗദീപ് ധന്‍കര്‍ വ്യക്തമാക്കി.

ആയിരം കോടി രൂപയുടെ മുന്‍കൂര്‍ ധനസഹായമാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചതെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. സംസ്ഥാനത്തിന് ഇനിയും ധനസഹായം കിട്ടുമെന്നും ഇതൊരു തുടക്കം മാത്രമാണെന്നും കേന്ദ്രനയം വ്യക്തമാക്കി കൊണ്ടു അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും സഹകരണം തുടര്‍ന്നാല്‍ ഗുണം സംസ്ഥാനത്തിനാണെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

Top