പാക് ഷെല്ലാക്രമണത്തില്‍ വീരമൃത്യു വരിച്ച ധീര ജവാൻ അനീഷ് തോമസിന്റെ ഭൗതികശരീരം നാട്ടിലെത്തിച്ചു

കടയ്ക്കൽ : ജമ്മുകാശ്മീരില്‍ പാക് ഷെല്ലാക്രമണത്തില്‍ വീരമൃത്യുവരിച്ച ജവാന്‍ അനീഷ് തോമസിന്റെ ഭൗതിക ശരീരം നാട്ടിലെത്തിച്ചു. കൊല്ലം കടയ്ക്കൽ സ്വദേശിയാണ് അനീഷ്. 36 വയസ്സായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ഡല്‍ഹിയിലേക്ക് കൊണ്ടുപോയ മൃതദേഹം ഇന്ന് രാവിലെയാണ് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ചത്.

നൗഷാരാ സെക്ടറിലെ സുന്ദര്‍ബെനിയില്‍ ചൊവ്വാഴ്ച ഉച്ചയോടെയാണ് ആക്രമണം നടന്നത്. രാത്രി എട്ടോടെ സഹപ്രവര്‍ത്തകരാണ് മരണവിവരം ബന്ധുക്കളെ അറിയിച്ചത്. നായിക് റാങ്കില്‍ പ്രൊമോഷന്‍ നേടി ആറ് മാസം മുന്‍പാണ് കാശ്മീരിലേക്ക് പോയത്. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ഇതിന് മുന്‍പ് നാട്ടിലെത്തിയത്.

തട്ടത്തുമലയില്‍ നിന്നും മിലിട്ടറി വാഹനത്തിലാണ് ശരീരം വയലയിലെ വസതിയിലേക്ക് കൊണ്ടുവരുന്നത്. സഹപ്രവര്‍ത്തകരായ സീനിയര്‍ ഓഫീസര്‍ അഞ്ചല്‍ അയലറ സ്വദേശി ശ്രീജിത്ത്, ചണ്ണപ്പേട്ട സ്വദേശി ജോണ്‍സന്‍ എന്നിവരാണ് മൃതദേഹത്തെ അനുഗമിക്കുന്നത്. പൊതു ദര്‍ശനത്തിന് വെച്ച ശേഷം ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്‌കരിക്കും. മണ്ണൂര്‍ മര്‍ത്തൂസ്മൂനി ഓര്‍ത്തഡോക്‌സ് സിറിയന്‍ പള്ളി സെമിത്തേരിയിലാണ് അനീഷിന്റെ ഭൗതിക ശരീരം സംസ്‌കരിക്കുക.

Top