ഇന്ത്യന്‍ സേനയുടെ രണ്ടാം മിന്നലാക്രമണം വ്യാജപ്രചരണമാണെന്ന് പാക്കിസ്ഥാന്‍

jammu kashmir

ന്യൂഡല്‍ഹി: ഇന്ത്യന്‍ കരസേനയുടെ രണ്ടാം മിന്നലാക്രമണം വ്യാജമാണെന്ന് പാക്കിസ്ഥാന്‍. ഇന്ത്യയെ ആക്രമിച്ചെന്ന് അവകാശപ്പെടുന്ന വിഡിയോയും പാക്കിസ്ഥാന്‍ പുറത്തുവിട്ടു. നാഷേറാ മേഖലയില്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ ഈമാസം പാക്കിസ്ഥാന്‍ തകര്‍ത്തുവെന്നാണ് അവകാശവാദം.

നിയന്ത്രണരേഖയ്ക്കു സമീപം ജമ്മു– കശ്മീരിലെ നൗഷേറാ മേഖലയില്‍ പാക്ക് സൈനിക പോസ്റ്റുകള്‍ ഇന്ത്യന്‍ കരസേന തകര്‍ത്തിരുന്നു. ഇതിനുള്ള മറുപടിയായാണ് പാക്കിസ്ഥാന്‍ വിഡിയോ പുറത്തുവിട്ടത്.

മിന്നലാക്രമണം നടത്തിയെന്ന ഇന്ത്യയുടെ അവകാശവാദം തെറ്റാണെന്നു പാക്കിസ്ഥാന്‍ സേന വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ പ്രസ്താവനയിറക്കി. ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇന്ത്യയ്‌ക്കെതിരായ വിഡിയോയും മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ പുറത്തുവിട്ടത്.

നിയന്ത്രണരേഖയിലെ ഗ്രാമീണരെ ഇന്ത്യ അകാരണമായി ആക്രമിക്കുകയാണെന്നും പാക്ക് സേന വക്താവ് ആരോപിച്ചിട്ടുണ്ട്. എന്നാല്‍ പാക്കിസ്ഥാന്‍ പുറത്തുവിട്ട വിഡിയോ ഇന്ത്യക്കു നേരെയുള്ള ആക്രമമാണെന്നതിനു മറ്റു സ്ഥിരീകരണങ്ങളില്ല. ഇന്ത്യന്‍ സേനയോ കേന്ദ്രസസര്‍ക്കാരോ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടുമില്ല.

ഇന്ത്യ നടത്തിയ രണ്ടാം മിന്നലാക്രമണത്തിന്റെ വിഡിയോ ചൊവ്വാഴ്ചയാണു പുറത്തുവിട്ടത്. റോക്കറ്റ് ലോഞ്ചറുകള്‍, ടാങ്ക്‌വേധ മിസൈലുകള്‍, ഓട്ടോമേറ്റഡ് ഗ്രനേഡ് ലോഞ്ചറുകള്‍, പീരങ്കികള്‍ എന്നിവ ഉപയോഗിച്ചായിരുന്നു ഇന്ത്യയുടെ ആക്രമണമെന്നു കരസേനയുടെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ അഡീഷനല്‍ ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ എ.കെ.നറൂല പറഞ്ഞു.

Top