ലഡാക്ക്‌ സംഘര്‍ഷം; വീരമൃത്യു വരിച്ച 20 സൈനികരുടെയും വിവരങ്ങള്‍ സൈന്യം പുറത്തുവിട്ടു

ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തില്‍ വീരമൃത്യു വരിച്ച മുഴുവന്‍ സൈനികരുടെയും പേരുവിവരങ്ങള്‍ പുറത്തുവിട്ട് കരസേന. തിങ്കളാഴ്ച രാത്രി നടന്ന ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച ഒരു കേണല്‍ ഉള്‍പ്പെടെ മൂന്ന് ജവാന്മാരുടെ വിവരങ്ങള്‍ ചൊവ്വാഴ്ച രാവിലെ തന്നെ സൈന്യം പുറത്തുവിട്ടിരുന്നു. പരിക്കേറ്റ 17 ജവാന്മാരുടെ മരണം ചൊവ്വാഴ്ച രാത്രിയാണ് കരസേന സ്ഥിരീകരിച്ചിരുന്നത്.

വീരമൃത്യു വരിച്ച ജവാന്‍മാര്‍

1. കേണല്‍ ബി. സന്തോഷ് ബാബു (ഹൈദരാബാദ്)

2. നായിബ് സുബേദാര്‍ നുഥുറാം സോറന്‍ (മയൂര്‍ബഞ്ജ്)

3. നായിബ് സുബേദാര്‍ മന്‍ദീപ് സിങ് (പട്യാല)

4. നായിബ് സുബേദാര്‍ സാത്‌നം സിങ് (ഗുര്‍ദാസ്പുര്‍)

5. ഹവില്‍ദാര്‍ കെ പളനി (മധുര)

6. ഹവില്‍ദാര്‍ സുനില്‍ കുമാര്‍ (പാട്‌ന)

7. ഹവില്‍ദാര്‍ ബിപുല്‍ റോയ് (മീററ്റ്‌ സിറ്റി)

8. നായിക് ദീപക് കുമാര്‍ (രേവ)

9. രാജേഷ് ഓറങ്ക് (ബിര്‍ഭം)

10. കുന്ദന്‍ കുമാര്‍ ഓഝ (സാഹിബ്ഗഞ്ജ്‌)

11. ഗണേഷ് റാം (കാന്‍കെ)

12. ചന്ദ്രകാന്ത പ്രഥാന്‍ (കാന്ദമല്‍)

13. അന്‍കുഷ് (ഹമിര്‍പുര്‍)

14. ഗുല്‍ബീന്ദര്‍ (സങ്ക്‌റൂര്‍)

15. ഗുര്‍തേജ്‌സിങ് (മാന്‍സ)

16. ചന്ദന്‍ കുമാര്‍ (ഭോജ്പുര്‍)

17. കുന്ദന്‍ കുമാര്‍ (സഹര്‍സ)

18. അമന്‍ കുമാര്‍ (സംസ്തിപുര്‍)

19. ജയ് കിഷോര്‍ സിങ് (വൈശാലി)

20. ഗണേഷ് ഹന്‍സ്ഡ (കിഴക്കന്‍ സിങ്ഭും)

തിങ്കളാഴ്ച രാത്രി ഗല്‍വാന്‍ താഴ്വരയില്‍ ചൈനീസ് സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ കേണലടക്കം 20 ഇന്ത്യന്‍സൈനികരാണ് വീരമൃത്യുവരിച്ചത്. അതിര്‍ത്തിത്തര്‍ക്കം രമ്യമായി പരിഹരിക്കുന്നതിന് കമാന്‍ഡര്‍തല ചര്‍ച്ചയും സൈനിക പിന്മാറ്റവും പുരോഗമിക്കുന്നതിനിടെ തിങ്കളാഴ്ച രാത്രിയോടെയായിരുന്നു സംഘര്‍ഷം. വെടിവെപ്പിലല്ല സൈനികര്‍ കൊല്ലപ്പെട്ടതെന്നും കല്ലും വടികളുമുപയോഗിച്ചുള്ള ശാരീരികാക്രമണമാണ് ഉണ്ടായതെന്നുമാണ് സൈന്യം നല്‍കുന്ന വിശദീകരണം.

ചൈനയുടെ 43 സൈനികര്‍ മരിക്കുകയോ പരിക്കേല്‍ക്കുകയോ ചെയ്തതായാണ് വിവരം.സംഘര്‍ഷത്തില്‍ ചൈനയുടെ കമാന്‍ഡിംഗ് ഓഫീസര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

അതേസമയം അതിര്‍ത്തിയില്‍ ചൈന പ്രകോപനം തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യ സന്നാഹങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. ആയുധവിന്യാസം നടത്താന്‍ സൈന്യത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. അതിര്‍ത്തിക്കടുത്തുള്ള സൈനിക കേന്ദ്രങ്ങളിലേക്കു കൂടുതല്‍ ആയുധവിന്യാസം നടത്തിക്കൊണ്ടിരിക്കുകയാണ്. കൂടുതല്‍ സൈനികരെയും രംഗത്തെത്തിക്കും. സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിനാണ് കേന്ദ്രം ഏകോപന ചുമതല നല്‍കിയിരിക്കുന്നത്.

ഏറ്റുമുട്ടലുണ്ടായ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച സര്‍വ്വകക്ഷിയോഗം വിളിച്ചിട്ടുണ്ട്.

Top