ജനറല്‍ ബിപിന്‍ റാവത്തിന്റെ അവസാന സന്ദേശം പുറത്തുവിട്ട് സൈന്യം

ന്യൂഡല്‍ഹി: കുനൂരില്‍ ഹെലികോപ്ടര്‍ അപകടത്തില്‍ ജീവന്‍ വെടിഞ്ഞ് ഇന്ത്യയുടെ ആദ്യ സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ അവസാന സന്ദേശം പുറത്തുവിട്ട് സൈന്യം. മരണത്തിന് തലേദിവസം റെക്കോഡ് ചെയ്ത വീഡിയോ സന്ദേശമാണ് പുറത്തുവിട്ടത്.

1971ലെ യുദ്ധത്തിന്റെ അമ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് സായുധസേനക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ളതാണ് ജനറല്‍ റാവത്തിന്റെ സന്ദേശം. 1971ലെ ഇന്ത്യാ പാക് യുദ്ധത്തിന്റെ 50ാം വാര്‍ഷിഘോഷത്തിന്റെ ഭാഗമായി ഇന്ത്യാ ഗേറ്റില്‍ സംഘടിപ്പിച്ച ‘സ്വര്‍ണിം വിജയ് പര്‍വ്’ പരിപാടിയിലാണ് വീഡിയോ പ്രദര്‍ശിപ്പിച്ചത്

‘നമ്മുടെ ധീരസൈനികര്‍ക്ക് ഈയവസരത്തില്‍ ഞാന്‍ ആദരാഞ്ജലിയര്‍പ്പിക്കുകയാണ്. അവരുടെ ത്യാഗം ഓര്‍ക്കുകയാണ്. ധീരസൈനികരുടെ ഓര്‍മയ്ക്കായി നിര്‍മിച്ച അമര്‍ ജവാന്‍ ജ്യോതി കോംപ്ലക്‌സിലാണ് വിജയ് പര്‍വ് ദിനാചരണം സംഘടിപ്പിക്കുന്നത് എന്നത് അഭിമാനകരമായ കാര്യമാണ്. നമ്മുടെ സൈന്യത്തെ കുറിച്ച് നമുക്ക് അഭിമാനമുണ്ട്. നമുക്ക് ഒരുമിച്ച് ഈ വിജയത്തിന്റെ ഉത്സവം ആഘോഷിക്കാം’ സന്ദേശത്തില്‍ ജനറല്‍ റാവത്ത് പറഞ്ഞു.

ഉദ്ഘാടന പരിപാടിയില്‍ പങ്കെടുത്ത പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ജനറല്‍ ബിപിന്‍ റാവത്തിന്റെ പോരാട്ടവീര്യത്തെ അനുസ്മരിച്ചു. അദ്ദേഹത്തിന്റെ അസാന്നിധ്യം തന്നെ ബാധിക്കുന്നുണ്ടെന്നു മന്ത്രി പറഞ്ഞു. പരിപാടിയില്‍, 1971ലെ യുദ്ധത്തില്‍ ഉപയോഗിച്ച പ്രധാന ആയുധങ്ങളും ഉപകരണങ്ങളും പ്രദര്‍ശിപ്പിച്ചു. ആഘോഷങ്ങളുടെ സമാപന ചടങ്ങ് ഡിസംബര്‍ 13ന് നടക്കും. രാജ്‌നാഥ് സിംഗും ബംഗ്ലദേശില്‍ നിന്നടക്കം നിരവധി പ്രമുഖരും പങ്കെടുക്കും.

Top