നമ്മുടെ സൈന്യത്തില്‍ അഭിമാനിക്കുന്നു; ബിപിന്‍ റാവത്തിന്റെ അവസാന വീഡിയോ സന്ദേശം പുറത്ത്‌

ന്യൂഡല്‍ഹി: കൂനൂര്‍ സൈനിക ഹെലികോപ്റ്റര്‍ അപകടത്തിന്റെ തലേ ദിവസം ചിത്രീകരിച്ച സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന്റെ അവസാന വീഡിയോ സന്ദേശം സൈന്യം പുറത്തുവിട്ടു. 1971 ലെ ഇന്ത്യ-പാക് യുദ്ധത്തിന്റെ 50-ാം വാര്‍ഷികത്തോടനുബന്ധിച്ച് സായുധസേനാ ഉദ്യോഗസ്ഥരെ അഭിവാദ്യം ചെയ്യുകയും വീരമൃത്യു വരിച്ച വീരന്മാര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ചെയ്യുന്ന 1.09 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ക്ലിപ്പാണ് ഇന്ത്യന്‍ സൈന്യം ഞായറാഴ്ച പുറത്തിറക്കിയത്.

ഇന്ത്യാ ഗേറ്റില്‍ നടന്ന സ്വര്‍ണിം വിജയ് പര്‍വ് പരിപാടിയിലാണ് ഈ വീഡിയോ പ്രദര്‍ശിപ്പിച്ചത്. നമ്മുടെ സൈന്യത്തില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. നമുക്ക് ഒരുമിച്ച് ഈ വിജയം ആഘോഷിക്കാം. ഇന്ത്യന്‍ സായുധ സേനയിലെ ധീരരുടെ ത്യാഗത്തിന് ആദരവ് അര്‍പ്പിക്കുന്നു. നമ്മുടെ ധീര സൈനികരുടെ സ്മരണയ്ക്കായി സ്ഥാപിച്ച അമര്‍ ജവാന്‍ ജ്യോതി കോംപ്ലക്‌സില്‍ ഡിസംബര്‍ 12 മുതല്‍ 14 വരെ വിജയ് പര്‍വ് സംഘടിപ്പിക്കുന്നത് അഭിമാനകരമാണെന്നും ജനറല്‍ റാവത്ത് സന്ദേശത്തില്‍ പറഞ്ഞു.

ഇന്ത്യ ഗേറ്റില്‍ നടക്കുന്ന പരിപാടിയില്‍ എല്ലാവരും പങ്കെടുക്കണമെന്നും പറഞ്ഞാണ് വീഡിയോ അവസാനിക്കുന്നത്. ഇന്ത്യാഗേറ്റില്‍ നടന്ന ചടങ്ങില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും രാജ്യത്തെ ഉന്നത സൈനിക ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു.

ഡിസംബര്‍ ഏഴിനാണ് ഈ വീഡിയോ ചിത്രീകരിച്ചതെന്ന് സൈനിക വൃത്തങ്ങള്‍ പറഞ്ഞു. എട്ടിന് ഉച്ചക്ക് 12.30 ഓടെയാണ് കൂനൂരിനടുത്ത് നടന്ന സൈനിക ഹൈലികോപ്റ്റര്‍ അപകടത്തിലാണ് ബിപിന്‍ റാവത്തും ഭാര്യയുമടക്കം 13 പേര്‍ മരണപ്പെടുന്നത്.

Top