സൈന്യം മലമ്പുഴയെത്തി, മലയില്‍ കുടുങ്ങിയ യുവാവിന് വേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനം തുടരുന്നു

പാലക്കാട്: ചെറാട് മലയില്‍ കുടുങ്ങിയ ബാബുവിനെ രക്ഷിക്കുന്നതിന് സൈന്യം താഴ്‌വരയില്‍ എത്തിച്ചേര്‍ന്നു. യുവാവിനെ രക്ഷിക്കുന്നതിനുള്ള വിശദമായ പദ്ധതി സൈന്യം തയ്യാറാക്കിയെന്നും അതനുസരിച്ച് ആദ്യം ബാബുവിന് ഭക്ഷണവും വെള്ളവും എത്തിക്കാനാണ് ശ്രമിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

നാളെ രാവിലെ ബംഗളൂരുവില്‍ നിന്നുള്ള പാരാ ഗ്ലൈഡിംഗ് സംഘം എത്തുമെന്നും അവര്‍ എത്തിച്ചേരുന്നത് വരെ ബാബുവിന്റെ ജീവന്‍ നിലനിര്‍ത്താനാണ് ശ്രമം.

ഇന്ന് രാത്രി തന്നെ സൈന്യം ബാബുവിന് വേണ്ട ഭക്ഷണവും വെള്ളവുമായി മല കയറും. മലയുടെ മുകളില്‍ എന്‍ ഡി ആര്‍ എഫിന്റെ ഒരു സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്. ഇവരോടൊപ്പം ക്യാമ്പ് ചെയ്യാനാണ് സൈന്യത്തിന്റെ പദ്ധതി. വടം ഉപയോഗിച്ച് ബാബു ഇരിക്കുന്ന സ്ഥലത്ത് എത്തിച്ചേര്‍ന്ന് ഭക്ഷണവും വെള്ളവും നല്‍കാനാണ് സൈന്യത്തിന്റെ പദ്ധതിയെന്ന് അറിയുന്നു. സാഹചര്യങ്ങള്‍ അനുകൂലമല്ലാത്തതിനാല്‍ ഈയവസരത്തില്‍ യുവാവിനെ താഴെയിറക്കാന്‍ ശ്രമിക്കുന്നത് യുക്തിസഹമായിരിക്കില്ലെന്നാണ് സൈന്യത്തിന്റെ നിലപാട്.

പാറയിടുക്കിലേക്ക് വീണ് കാലിന് പരിക്കേറ്റ നിലയില്‍ യുവാവിനെ കാണാമെങ്കിലും അവിടേക്ക് എത്തിപറ്റുന്നതിന് രക്ഷാപ്രവര്‍ത്തകര്‍ക്ക് കഴിയുന്നില്ല. യുവാവിനെ രക്ഷപ്പെടുത്താന്‍ കരസേനയുടെയും വ്യോമസേനയുടെയും സഹായം സര്‍ക്കാര്‍ തേടിയിരുന്നു. ഇന്ന് പകല്‍ കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്ടര്‍ പലവട്ടം രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടെങ്കിലും കനത്ത കാറ്റ് വീശുന്നതിനാല്‍ യുവാവിനെ രക്ഷിക്കാനായില്ല.

Top