സിയാച്ചിനില്‍ ഡ്യൂട്ടിക്കിടെ കേണല്‍ തലയ്ക്ക് വെടിവച്ച് ആത്മഹത്യക്ക് ശ്രമിച്ചു

Man shot

ലേ: സിയാച്ചിന്‍ ഗ്ലേസിയറിന്റെ സംരക്ഷണ ചുമതലയിലുണ്ടായിരുന്ന കേണല്‍ സ്വയം തലയ്ക്ക് വെടിവെച്ച് ആത്മഹത്യക്ക് ശ്രമിച്ചതായി റിപ്പോര്‍ട്ട്. ഇദ്ദേഹം അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്നതായാണ് സൈനിക വൃത്തങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.

അതേസമയം കേണല്‍ വെടിയുതിര്‍ക്കാനുള്ള കാരണം എന്താണെന്ന് വ്യക്തമല്ല. വെള്ളിയാഴ്ച ഇദ്ദേഹം ജോലിക്കിടെ തന്റെ സര്‍വ്വീസ് റിവോള്‍വര്‍ കൊണ്ട് തലയ്ക്ക് വെടിവച്ചെന്നാണ് വാര്‍ത്ത. ഉടന്‍ തന്നെ ഏറ്റവും അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നുവെന്ന് ഗ്രേറ്റര്‍ കാശ്മീര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കേണല്‍ വെടിയുതിര്‍ത്തെന്ന കാര്യം സ്ഥിരീകരിച്ച സൈനിക വക്താവ് മരണ വാര്‍ത്ത സ്ഥിരീകരിച്ചിട്ടില്ല.

കേണല്‍ രോഹിത് സിങ് സോളങ്കിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഉടന്‍ തന്നെ സൈന്യത്തിന്റെ ക്വിക് റെസ്‌പോണ്‍സ് ടീം ഇദ്ദേഹത്തെ ലെ യിലെ ആശുപത്രിയില്‍ എത്തിച്ചുവെന്നാണ് സൈനിക വക്താവ് വ്യക്തമാക്കിയിരിക്കുന്നത്. സംഭവത്തില്‍ ജമ്മു കാശ്മീര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി.

Top