അതിർത്തിയിൽ 11OO പോർ വിമാനങ്ങൾ . . പിന്നിൽ തിരിച്ചടിക്കാനുള്ള ഇന്ത്യൻ നീക്കമോ ?

modi_army

ന്യൂഡല്‍ഹി: കേന്ദ്രത്തില്‍ രണ്ടാമൂഴവും നരേന്ദ്ര മോദിയുടേത് ആകുമോ എന്ന ചോദ്യം സജീവമായിരിക്കെ ‘മിന്നല്‍’ നടപടികളുമായി ഇന്ത്യന്‍ സേന. പാക്ക്, ചൈന അതിര്‍ത്തികളില്‍ ഇന്ത്യന്‍ കര-നാവിക-വ്യോമ സേനകളുടെ നേതൃത്വത്തില്‍ നടന്നുവരുന്ന വന്‍ അഭ്യാസ പ്രകടനം പാക്കിസ്ഥാനെയും ചൈനയെയും അസ്വസ്ഥമാക്കി കഴിഞ്ഞു.

അരുണാചല്‍ പ്രദേശിലെ അസഫിലയില്‍ ഇന്ത്യന്‍ സേന അതിര്‍ത്തി ലംഘിച്ച് കയറിയതായി കഴിഞ്ഞ ദിവസം ചൈന ആരോപിച്ചിരുന്നു. ഇത് ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ നേരിയ സംഘര്‍ഷത്തിനിടയാക്കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ അരങ്ങേറിയ ‘മലബാര്‍’ നാവിക അഭ്യാസ പ്രകടനത്തില്‍ ഇന്ത്യ-യുഎസ്-ജപ്പാന്‍ നാവികസേനകളുടെ പുത്തന്‍ സാങ്കേതികവിദ്യകളും യുദ്ധോപകരണങ്ങളും അണിനിരന്നിരുന്നു. ചൈനീസ് നാവികസേന ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ആധിപത്യം ഉറപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന സംശയങ്ങള്‍ക്ക് പിന്നാലെയാണ് നാവികാഭ്യാസം അരങ്ങേറിയത്.

ഈ സാഹചര്യത്തില്‍ തന്നെയാണ് ചരിത്രത്തിലാദ്യമായി അതിര്‍ത്തിയില്‍ 1100 പോര്‍വിമാനങ്ങളെ ഒറ്റയടിക്ക് രംഗത്തിറക്കി ഇന്ത്യ പ്രകമ്പനം സൃഷ്ടിച്ചിരിക്കുന്നത്. ഏപ്രില്‍ എട്ട് മുതല്‍ 22 വരെ നടക്കുന്ന ‘ഗഗന്‍ ശക്തി’ പ്രകടനത്തില്‍ 15,000 സേനാ ഉദ്യോഗസ്ഥരും പങ്കെടുക്കുന്നുണ്ട്. വ്യോമസേനയുടെ അഭ്യാസപ്രകടനത്തെ കുറിച്ച് ഔദ്യോഗികമായി ചൈനയെയും പാക്കിസ്ഥാനെയും ഇന്ത്യ അറിയിച്ചിട്ടുമുണ്ട്.

ഒരേ സമയം പാക്കിസ്ഥാന്‍, ചൈന എന്നിവിടങ്ങളില്‍ നിന്നും ആക്രമണമുണ്ടായാല്‍ നേരിടാനുള്ള ഇന്ത്യയുടെ ദ്വിമുഖ യുദ്ധതന്ത്രമായാണ് വ്യോഭ്യാസത്തെ ഇരുരാജ്യങ്ങളും നോക്കിക്കാണുന്നത്. യഥാര്‍ത്ഥ യുദ്ധസാഹചര്യം പുനരാവിഷ്‌ക്കരിച്ച് നടക്കുന്ന വ്യാമാഭ്യാസത്തില്‍ കര, നാവിക സേനകളും സഹകരിക്കുന്നുണ്ട്. ആദ്യമായി ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച തേജസ് യുദ്ധവിമാനവും സേനാ അഭ്യാസത്തില്‍ പങ്കെടുക്കുന്നുണ്ട്.

ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്‍പ് പാക്കിസ്ഥാനോടുള്ള ‘കണക്ക്’ മോദി സര്‍ക്കാര്‍ തീര്‍ക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് സേനയുടെ മുന്നൊരുക്കങ്ങള്‍ എന്നതും ശ്രദ്ധേയമാണ്. പാക്ക് അധീന കാശ്മീര്‍ കേന്ദ്രീകരിച്ച് നടക്കുന്ന ഭീകരപ്രവര്‍ത്തനങ്ങളും കടന്ന് കയറ്റവും അവസാനിപ്പിക്കാന്‍ ഈ പ്രദേശം പിടിച്ചെടുക്കണമെന്നതാണ് ഇന്ത്യന്‍ സേനയുടെ ആഗ്രഹം. ഇനി ഒരവസരം ലഭിച്ചാല്‍ തീര്‍ച്ചയായും ഇന്ത്യ ഈ മേഖലയെ ലക്ഷ്യമിടുമെന്ന് പാക്കിസ്ഥാനും അറിയാം.

ചൈനയുമായി സഹകരിച്ച് പാക്കിസ്ഥാനിലൂടെ ബലൂചിസ്ഥാനിലെ ഗോദര്‍ തുറമുഖം വരെ എത്തുന്ന സാമ്പത്തിക ഇടനാഴി കടന്നു പോകുന്നത് പാക്ക് അധീന കശ്മീരിലൂടെയാണ്. ഭാവിയില്‍ ഈ പാത ഇന്ത്യക്കെതിരായ സൈനിക നീക്കത്തിന് ചൈനയും പാക്കിസ്ഥാനും ഉപയോഗപ്പെടുത്തുമെന്ന കണക്കുകൂട്ടലിലാണ് ഇന്ത്യ. അതുകൊണ്ട് തന്നെ ഈ പ്രദേശം ഇന്ത്യന്‍ സേന ലക്ഷ്യമിടുന്നതില്‍ ചൈനയും ഇപ്പോള്‍ ആശങ്കയിലാണ്.

അതേസമയം ഇന്ത്യാ പാക്ക് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടാല്‍ ചൈന പാക്കിസ്ഥാനെ സഹായിക്കും എന്നത് യാഥാര്‍ത്ഥ്യമാണെങ്കിലും അത് എത്രത്തോളം എന്ന കാര്യത്തില്‍ സംശയവും ഇപ്പോള്‍ വ്യാപകമാണ്. ഒരു യുദ്ധത്തില്‍ പങ്കാളിയായി ഇപ്പോഴുള്ള സ്ഥിതിയില്‍ നിന്നും താഴോട്ട് പോകാന്‍ ചൈന ഒരിക്കലും തയ്യാറാകില്ലെന്നാണ് നയതന്ത്ര വിദഗ്ദരും അഭിപ്രായപ്പെടുന്നത്.

പ്രത്യേകിച്ച് അമേരിക്ക, റഷ്യ, ജപ്പാന്‍, ഇസ്രയേല്‍, ജര്‍മ്മനി, ഫ്രാന്‍സ്, ബ്രിട്ടന്‍ തുടങ്ങി ലോകത്തെ വന്‍ ശക്തികള്‍ പിന്തുണക്കുന്ന ഇന്ത്യയെ പോലുള്ള രാജ്യത്തിനെതിരെ നീങ്ങാന്‍ ചൈന തയ്യാറാവില്ലെന്ന് തന്നെയാണ് നിഗമനം. സൈനികമായി ഇന്ത്യ സ്വയം ആര്‍ജിച്ച കരുത്തും അവര്‍ ചൂണ്ടിക്കാട്ടുന്നു. പ്രസ്താവനായുദ്ധം എന്നതിനപ്പുറത്തേക്ക് ചൈന പോകില്ലെന്ന് തന്നെയാണ് നയതന്ത്ര വിദഗ്ദര്‍ പറയുന്നത്.

ഉത്തര കൊറിയയെ മുന്‍നിര്‍ത്തി അമേരിക്കയെ വെല്ലുവിളിപ്പിച്ച ചൈന ‘പണി’ പാളുമെന്ന് കണ്ടപ്പോള്‍ കിം ജോങ് ഉന്നിനെ വിളിച്ചു വരുത്തി സമാധാനത്തിന് പ്രേരിപ്പിച്ചത് സ്വന്തം നില പരുങ്ങലിലാവുമെന്ന് കണ്ടപ്പോളായിരുന്നു.

അമേരിക്കന്‍ സൈനിക ശക്തിക്കു മുന്നില്‍ ഉത്തര കൊറിയക്ക് പിടിച്ച് നില്‍ക്കാന്‍ കഴിയില്ലെന്ന് ഏറ്റവും നന്നായി അറിയാവുന്ന ചൈനയുടെ തന്ത്രപരമായ നീക്കത്തിന്റെ ഭാഗമായിരുന്നു ഈ കൂടിക്കാഴ്ച്ച.

ഉത്തര കൊറിയയെ അമേരിക്കന്‍ സഖ്യകക്ഷികള്‍ അധീനതയിലാക്കിയാല്‍ അയല്‍ രാജ്യമായ ചൈനക്ക് കൊടും ഭീഷണിയാകുമെന്ന തിരിച്ചറിവ് ചൈനക്കുണ്ട്. ഇന്ത്യയെ സംബന്ധിച്ച് ‘ആക്രമണമാണ് ഏറ്റവും വലിയ പ്രതിരോധം’ എന്ന നിലയിലേക്ക് മാറണമെന്ന നിലപാടിനാണ് ഇപ്പോള്‍ പ്രാമുഖ്യം കൂടുതല്‍.

പാക്കിസ്ഥാനില്‍ കയറി നടത്തിയ മിന്നല്‍ ആക്രമണത്തിന് ശേഷം സമാനമായ സൈനിക നടപടി തുടരണമെന്ന ആവശ്യം സൈന്യത്തിന്റെ ഭാഗത്ത് നിന്നും ശക്തമായി കഴിഞ്ഞു. അതിനുള്ള അവസരം ലോകസഭ തിരഞ്ഞെടുപ്പിന് മുന്‍പ് കേന്ദ്ര സര്‍ക്കാര്‍ സൈന്യത്തിന് നല്‍കുമെന്ന അഭ്യൂഹവും ശക്തമാണ്.

Top