വെള്ളത്തിന് കാവല്‍ നിന്ന് സൈനികര്‍; ഗ്രാമീണരും, സൈന്യവും തമ്മില്‍ അപൂര്‍വ്വ പോര്

രാജ്യത്തിന്റെ അതിര്‍ത്തിക്ക് കാവല്‍ നില്‍ക്കുന്ന സൈനികരുടെ ത്യാഗോജ്ജ്വലമായ പോരാട്ടങ്ങളുടെ കേട്ട് പലകുറി നമ്മള്‍ രോമാഞ്ചപുളകിതരായിട്ടുണ്ട്. എന്നാല്‍ ഒരു സ്റ്റോപ് ഡാമില്‍ നിന്നുമുള്ള വെള്ളത്തിന്റെ പേരില്‍ ഗ്രാമീണരുമായി തര്‍ക്കത്തിലാവുകയും വെള്ളം അമിതമായി എടുക്കുന്നത് തടയാനായി സൈനികരെ സുരക്ഷയ്ക്കായി നിയോഗിക്കുകയും ചെയ്യുന്ന അവസ്ഥയിലേക്ക് വരെ കാര്യങ്ങള്‍ നീണ്ടു. ഭോപ്പാലില്‍ നിന്നും 186 കിലോമീറ്റര്‍ ഇകലെ സാഗറിലുള്ള സൈനിക കന്റോണ്‍മെന്റും, ചുറ്റുപാടുള്ള 12 ഗ്രാമങ്ങളും തമ്മിലാണ് വെള്ളത്തിന്റെ പേരില്‍ പോര് നടക്കുന്നത്.

സൈനിക കന്റോണ്‍മെന്റിനും, ഗ്രാമത്തിലെ കൃഷിക്കാര്‍ക്കുമുള്ള വെള്ളത്തിന്റെ ശ്രോതസ്സാണ് ഈ സ്‌റ്റോപ് ഡാം. ഈ 12 കിലോമീറ്ററില്‍ ഗ്രാമീണര്‍ വെള്ളം എടുക്കാതിരിക്കാന്‍ സൈന്യം കാവല്‍ നില്‍ക്കുന്നതായാണ് ആരോപണം. ഇവരുടെ ഇലക്ട്രിക് പമ്പുകളും, പൈപ്പുകളും പിടിച്ചെടുത്തതായും ആരോപണമുണ്ട്. കൃഷി ആവശ്യത്തിനായി ഡാമില്‍ നിന്നാണ് വെള്ളം ഉപയോഗിച്ച് വരുന്നത്. എന്നാല്‍ ഈ വര്‍ഷം സൈന്യം കര്‍ശന നിലപാട് സ്വീകരിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായതെന്ന് ഗ്രാമത്തിലെ സര്‍പഞ്ച് വിജേന്ദ്ര സിംഗ് പറയുന്നു.

1995ല്‍ സൈന്യത്തിന് ഈ തടാകം സാഗര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ വിട്ടുനല്‍കിയിരുന്നു. വെള്ളം സംരക്ഷിക്കാന്‍ ഇതാദ്യമായല്ല പട്രോളിംഗ് നടത്തുന്നതെന്ന് സൈന്യം വ്യക്തമാക്കി. സംഗതി ശരിയാണെങ്കിലും വെള്ളം എടുക്കുന്നതില്‍ നിന്നും ഗ്രാമീണരെ തടയുന്നത് എന്തിനെന്നാണ് മുനിസിപ്പാലിറ്റിയുടെ ചോദ്യം. കഴിഞ്ഞ വേനല്‍ക്കാലത്ത് വെള്ളത്തിന്റെ അഭാവം ഏറെ ബാധിച്ചതായും, ഗ്രാമീണര്‍ പമ്പുകള്‍ ഉപയോഗിച്ച് കൃഷിയിടം നനയ്ക്കാന്‍ ഇത് ഉപയോഗിക്കാതെ തടയാനാണ് ഇക്കുറി നടപടി ഏര്‍പ്പെടുത്തിയതെന്നും കമ്മാന്‍ഡര്‍ മറുപടി നല്‍കുന്നു.

വെള്ളത്തര്‍ക്കം പരിഹരിക്കാന്‍ ജില്ലാ ഭരണകൂടം ഇടപെടുകയാണ്. ഇക്കുറി നല്ല മഴ ലഭിച്ചതിനാല്‍ വെള്ളത്തിന്റെ പേരില്‍ ആശങ്ക വേണ്ടെന്ന് കാര്‍ഷിക വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറും വ്യക്തമാക്കിയിട്ടുണ്ട്.

Top