സൈന്യത്തിന്റെ ആധുനികവത്കരണം; അംഗസംഖ്യ കുറയ്ക്കാന്‍ തീരുമാനിച്ച് കരസേന

ന്യൂഡല്‍ഹി: സൈന്യത്തിന്റെ ആധുനികവത്കരണത്തിന്റെ ഭാഗമായി അംഗസംഖ്യ കുറയ്ക്കാന്‍ തീരുമാനിച്ച് കരസേന. സൈന്യവുമായി നേരിട്ട് ബന്ധമില്ലാത്ത മേഖലകളില്‍ ജോലി ചെയ്യുന്ന 27000 സൈനികരെ സേനയില്‍ നിന്ന് ഒഴിവാക്കാനാണ് തീരുമാനം.

സൈനിക ജോലികളില്‍ നിന്ന് മാറി മറ്റ് വിഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെയും ജവാന്മാരെയുമാണ് ഒഴിവാക്കുന്നത്.
ഇതോടെ അടുത്ത ആറ് വര്‍ഷത്തിനുള്ളില്‍ ഒന്നരലക്ഷം അംഗങ്ങളെ സൈന്യത്തില്‍ നിന്ന് കുറയ്ക്കാനുള്ള വലിയ പദ്ധതിയാണ് കരസേന ലക്ഷ്യമിടുന്നത്.

ഇത്രയും സൈനികരെ ഒഴിവാക്കുന്നതിലൂടെ 1600 കോടി രൂപ ശമ്പള ഇനത്തില്‍ ലാഭിക്കാനാകുമെന്നാണ് സൈന്യം കരുതുന്നത്. 12.5 ലക്ഷം അംഗങ്ങളാണ് കരസേനയ്ക്കുള്ളത്. ഇതില്‍ 1.75 ലക്ഷം സൈനികരെ വിവിധ ഓര്‍ഗനൈസേഷനുകളിലായി വിന്യസിച്ചിരിക്കുകയാണ്.

മിലിട്ടറി എഞ്ചിനീയര്‍ സര്‍വീസ്, എന്‍സിസി, ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷന്‍, ടെറിട്ടോറിയല്‍ ആര്‍മി, സൈനിക സ്‌കൂളുകള്‍ തുടങ്ങിയവയിലും പ്രതിരോധ സേനകളായ അസം റൈഫിള്‍സ്, രാഷ്ട്രീയ റൈഫിള്‍സ്, സ്ട്രാറ്റജിക് ഫോഴ്സ് കമാന്‍ഡ് തുടങ്ങിയവയിലുമായാണ് ഓഫീസര്‍മാര്‍ അടക്കം 1.75 ലക്ഷം സൈനികരെ നിയോഗിച്ചിരിക്കുന്നത്. ഇവരില്‍ സ്ഥിരം സൈന്യത്തിന്റെ ഭാഗമാകാത്തവരെയാണ് ഒഴിവാക്കുന്നത്.

ആര്‍മി ഹെഡ്ക്വാര്‍ട്ടേഴ്സിലെ അംഗസംഖ്യ കുറയ്ക്കാനുള്ള നീക്കം ഉടന്‍ നടപ്പിലാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഹെഡ്ക്വാര്‍ട്ടേഴ്സിലെ 229 ഓഫീസര്‍മാരെ മറ്റ് വിഭാഗങ്ങളിലേക്ക് മാറ്റുകയാണ് ചെയ്യുക.

മൂന്ന് സേനാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളിക്കുന്ന ഇന്റഗ്രേറ്റഡ് ബാറ്റില്‍ ഗ്രൂപ്പ് രൂപീകരിക്കാനുള്ള നീക്കത്തിലാണ് പ്രതിരോധ മന്ത്രാലയം. ഇങ്ങനെ ചെയ്യുമ്പോള്‍ സുരക്ഷാ പ്രതിസന്ധി നേരിടുന്ന സാഹചര്യങ്ങളില്‍ ശക്തവും കാര്യക്ഷമവുമായ തിരിച്ചടിക്കും പ്രതിരോധത്തിനും സാധിക്കുമെന്നാണ് വിലയിരുത്തല്‍.

മൂന്ന് സേനാ വിഭാഗങ്ങളും ഓരോ സ്ഥലങ്ങളിലും ഒരു കമാന്‍ഡിന് കീഴിലാകും. ഇന്ത്യ- ചൈന, ഇന്ത്യ- പാകിസ്താന്‍ അതിര്‍ത്തികളില്‍ ഇത് സമീപകാലത്ത് തന്നെ നടപ്പിലാകും.

Top