കശ്മീരില്‍ നാലു ഭീകരരെ സൈന്യം വധിച്ചു; മൂലുവില്‍ രൂക്ഷമായ ഏറ്റുമുട്ടല്‍

ശ്രീനഗർ: കശ്മീരിലെ ഷോപ്പിയാനിൽ ഏറ്റുമുട്ടലിൽ സൈന്യം നാലു ഭീകരരെ വധിച്ചു. ഷോപ്പിയാനിലെ ദ്രാച്ച് മേഖലയിൽ പുലർച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്. ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദ് സംഘത്തിൽപ്പെട്ടവരെയാണ് വധിച്ചത്.

ദ്രാച്ചിൽ മൂന്നുപേരെയാണ് വധിച്ചത്. ഇവരിൽ രണ്ടുപേരെ തിരിച്ചറിഞ്ഞു. ഹനാൻ ബിൻ യാക്കൂബ്, ജാംഷെദ് എന്നിവരാണിവർ. പുൽവാമയിൽ ഒക്ടോബർ രണ്ടിന് പൊലീസ് ഉദ്യോഗസ്ഥൻ ജാവേദ് ദർ, സെപ്റ്റംബർ 24 ന് പശ്ചിമബംഗാൾ സ്വദേശിയായ തൊഴിലാളി എന്നിവരെ കൊലപ്പെടുത്തിയ സംഘത്തിലുൾപ്പെട്ടവരാണ് ഇവരെന്ന് എഡിജിപി വിജയ് കുമാർ പറഞ്ഞു.

കൊല്ലപ്പെട്ട ഭീകരരുടെ പക്കൽ നിന്നും നിരവധി ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും കണ്ടെടുത്തു. ഷോപ്പിയാനിലെ മൂലുവിൽ ലഷ്‌കർ ഇ തയ്ബ സംഘത്തിൽപ്പെട്ട ഭീകരനെ സുരക്ഷാസേന വധിച്ചു. മൂലുവിൽ സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുകയാണ്. ഷോപ്പിയാനിൽ 12 മണിക്കൂറിനിടെ രണ്ടാമത്തെ ഏറ്റുമുട്ടലാണ്. പ്രദേശം സൈന്യം വളഞ്ഞതായും എഡിജിപി വിജയ് കുമാർ വ്യക്തമാക്കി.

Top