പട്ടാള നിറം; ജാവയ്ക്ക് രജിസ്‌ട്രേഷന്‍ നിഷേധിച്ച് മോട്ടോര്‍ വാഹന വകുപ്പ്

നീണ്ട 22 വര്‍ഷങ്ങള്‍ക്കുശേഷം ഇന്ത്യയിലേക്ക് തിരിച്ചെത്തിയ ഇരുചക്ര വാഹന ബ്രാന്റാണ് ജാവ. ജാവ, ജാവ 42, ജാവ പെരാക്ക് എന്നീ മോഡലുകളാണ് കമ്പനി ഇന്ത്യയിലെത്തിച്ചത്. എന്നാലിപ്പോള്‍ ആറ് നിറത്തിലെത്തുന്ന ജാവ 42-വിന്റെ ഒരു വേരിയന്റിന് രജിട്രേഷന്‍ നിഷേധിച്ചിരിക്കുകയാണ് മോട്ടോര്‍ വാഹന വകുപ്പെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഗലാക്ടിക് ഗ്രീന്‍ എന്ന നിറമുള്ള മോഡലിന് സൈനിക വാഹനങ്ങളുടെ നിറവുമായി സാമ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ ഈ നടപടി എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ത്യയിലെ മോട്ടോര്‍ വാഹന നിയമമനുസരിച്ച് സാധാരണ ജനങ്ങള്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് ഒലീവ് ഗ്രീന്‍ നിറം നല്‍കാന്‍ പാടില്ല. ഈ കാരണം ചൂണ്ടിക്കാട്ടിയാണ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ വാഹനത്തിന്റെ രജിസ്ട്രേഷന്‍ വിലക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ ബൈക്കിന്റെ നിറം ഒലീവ് ഗ്രീന്‍ ആണെന്ന് കണ്ടെത്തിയെന്നും അതുകൊണ്ട് ഈ ബൈക്ക് രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കില്ലെന്നും ചൂണ്ടിക്കാട്ടി മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്റ് ജാവയുടെ എറണാകുളത്തെ ഡീലര്‍ഷിപ്പായ ക്ലാസിക് മോട്ടോഴ്സിന് കത്തും നല്‍കുകയും ചെയ്തു.

Top